ആഷിഖ് റഹീം, അഫ്സൽ റഹീം
പത്തനംതിട്ട: ഡ്രൈവിങ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വിഡിയോ കാൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദിക്കുകയും തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പൊലീസ് പിടികൂടി. പത്തനംതിട്ട വെട്ടിപ്പുറം പേട്ട മൂപ്പനാർ വീട്ടിൽ സലിം മുഹമ്മദ് മീരക്കാണ് (56) യുവാക്കളുടെ ക്രൂരമർദനം ഏറ്റത്.
ബുധനാഴ്ച വൈകീട്ട് ഏഴോടെ പേട്ടയിലെ സലീമിന്റെ വീടിന് സമീപത്താണ് സംഭവം. പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പിൽ വീട്ടിൽ ആഷിഖ് റഹീം(19), അഫ്സൽ റഹീം(20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മാതാവ് സലീമിന്റെ ഉടമസ്ഥതയിലുള്ള എം.ബി.വി ഡ്രൈവിങ് സ്കൂളിൽ ഡ്രൈവിങ് പരിശീലനം നടത്തിയിരുന്നു. ഇതിനായി അടച്ചതിന്റെ ബാക്കി ഫീസ് ചോദിച്ചതിലും ഫീസ് ചോദിച്ച് വിഡിയോ കാൾ ചെയ്തതിലും പ്രകോപിതരായാണ് യുവാക്കൾ സലീമിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി നഞ്ചക്കുകൊണ്ട് മാരകമായി മർദിച്ചത്.
എസ്.ഐ ഷിജു പി. സാമിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച തൈക്കാവിൽവെച്ച് ഇവരെ പിടികൂടുകയായിരുന്നു. രണ്ടാംപ്രതി അഫ്സൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.