കുരുവേലി ചിറ, തകർന്ന പമ്പ് ഹൗസ്
പത്തനംതിട്ട: സംരക്ഷിക്കാൻ പദ്ധതിയില്ലാത്തതിനാൽ ഓമല്ലൂർ പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകൾ നശിക്കുന്നു. സ്വകാര്യ വ്യക്തികളുടെ അടക്കം 40ഓളം കുളങ്ങൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഇന്ന് ഒന്നോ രണ്ടോ കുളങ്ങളായി ചുരുങ്ങി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബാക്കിയുള്ളവ മണ്ണിട്ട് നികത്തി.
പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജലസ്രോതസ്സായിരുന്നു മഞ്ഞനിക്കര ചാലിങ്കര പള്ളിക്ക് സമീപമുള്ള കുറുംചാൽ എന്നറിയപ്പെടുന്ന കുരുവേലിച്ചിറ. രണ്ടാം വാർഡ് ഐമാലി വെസ്റ്റിനെയും പതിമൂന്നാം വാർഡ് മഞ്ഞനിക്കരക്കും അതിർത്തി നിശ്ചയിച്ച് നാലേക്കറിൽ വ്യാപിച്ചുകിടന്ന ചാൽ പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടായി മാറി. സമീപങ്ങളിൽനിന്നുള്ള മാലിന്യം മുഴുവൻ ചാലിലേക്കാണ് തള്ളുന്നത്.
100 കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായിരുന്നു കുറുംചാൽ.വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ ഉണ്ടായിരുന്ന രണ്ട് മോട്ടോർ മോഷണം പോയിട്ട് വർഷങ്ങളായി. വേനൽക്കാലത്ത് നീന്തൽ പരിശീലനത്തിനും കുളിക്കാനും തുണി അലക്കാനും നിരവധി പേർ ഇവിടെ എത്തിയിരുന്നു. നാലേക്കർ ഉണ്ടായിരുന്ന ചാൽ ഇപ്പോൾ രണ്ടായി ചുരുങ്ങിയതായി നാട്ടുകാർ ചൂണ്ടിക്കാണിച്ചു.
നിരവധി പദ്ധതികൾ വിഭാവനം ചെയ്തിരുന്ന ഇവിടെ പഞ്ചായത്തിന്റെ അനാസ്ഥ മൂലം ഒന്നും നടപ്പാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ ലക്ഷക്കണക്കിന് രൂപ മുടക്കി കോട്ടയത്തുനിന്ന് താമര വിത്തുകൾ കൊണ്ടുവന്ന് പാകിയെങ്കിലും ഒന്നുപോലും വിരിഞ്ഞില്ലെന്നും നാട്ടുകാർ പറഞ്ഞു. ചെന്നീർക്കര പഞ്ചായത്തിനെയും ഓമല്ലൂർ പഞ്ചായത്തിനെയും വേർതിരിച്ച് ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന വലിയതോട് നീരൊഴുക്കും വറ്റിവരണ്ടു. താണാമുട്ടം ഏലായിൽ ഇരുപ്പൂകൃഷി ചെയ്യാനുള്ള ജലം ലഭിച്ചിരുന്നത് ഇവിടെ നിന്നാണ്. കൂടാതെ മഞ്ഞനിക്കരയിലെയും ചെന്നീർക്കരയിലെയും കോളനിവാസികൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലത്തിന് ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. മുണ്ടകൻ ഏലായുടെ വിരിമാറിലൂടെ ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന ജലസ്രോതസ്സും ഓർമയായി മാറി.
നീരൊഴുക്ക് നിലച്ചതോടെ ഇരുപ്പൂകൃഷി ചെയ്തിരുന്ന ഇവിടെ കൃഷി ഇറക്കാൻ ആവാതെ 100 ഏക്കറോളം വരുന്ന വയലുകൾ തരിശുകിടക്കുകയാണ്. ഇവിടേക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ മൈനർ ഇറിഗേഷൻ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി ഉഴുവത്ത് ദേവീക്ഷേത്രത്തിന് സമീപം നിർമ്മിച്ച പമ്പ് ഹൗസും മോട്ടോറുകളും പ്രവർത്തനരഹിതമായി കിടന്ന് തുരുമ്പെടുത്ത് നശിച്ചു. അനുബന്ധമായി മഞ്ഞനിക്കര പള്ളിയറക്കാവിന് സമീപം വരെ പണിത ബണ്ടും ഉപയോഗശൂന്യമായി കിടക്കുകയാണ്.
എല്ലാ സമയത്തും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറുംചാലും അനുബന്ധ ജലസ്രോതസ്സുകളും വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ദീർഘവീക്ഷണം ഇല്ലായ്മയുമാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. മലിനമാക്കപ്പെട്ട ഓമല്ലൂർ കുറാംചാലിനെ പ്രധാനമന്ത്രിയുടെ അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പഞ്ചായത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.