പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്. പ്രദീപിന്റെ അപ്രതീക്ഷിത വിടവാങ്ങൽ പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. യഥാർഥ കമ്യൂണിസ്റ്റുകാരനായി ജീവിച്ച പ്രദീപ് നേതാക്കളുടെയെല്ലാം വിശ്വസ്തനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. സൗമ്യപ്രകൃതമായതിനാൽ രാഷ്ട്രീയത്തിനതീതമായും വലിയ സുഹൃദ്വലയമുണ്ടായിരുന്നു.
നല്ല കർഷകനായ അദ്ദേഹം മറ്റ് ചിലരുടെയും സഹായത്തോടെ തരിശുനിലങ്ങളിൽ കൃഷി ഇറക്കുന്ന സർക്കാർ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിൽ നെൽകൃഷി നടത്തിയിരുന്നു. നെല്ല് വിറ്റതിലടക്കം ഇതിൽനിന്ന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാതെ വന്നതാണ് പിടിച്ചുനിൽക്കാനാവാത്ത സാഹചര്യം ഉണ്ടാക്കിയതെന്ന് സംശയിക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയുന്നു. ഇക്കാര്യം മുതിര്‍ന്ന നേതാക്കളോട് അടക്കം പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റ് ദിവസം കാവിക്കൊടിയെ പ്രതിരോധിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ കൊടിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോഴാണ് പ്രദീപിനെ പലരും അവസാനമായി കണ്ടത്. വെള്ളിയാഴ്ച പാര്‍ട്ടി ഏരിയ കമ്മിറ്റി യോഗം കൂടാനുള്ള തീരുമാനം പ്രദീപിന്റെകൂടി അറിവോടെയായിരുന്നു. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അടക്കം പങ്കെടുക്കുന്ന ഏരിയ കമ്മിറ്റിയില്‍ പ്രദീപ് വരാതിരുന്നത് പലരിലും ആശങ്ക ഉണ്ടാക്കി. അംഗങ്ങളെല്ലാം മാറി മാറി ഫോണ്‍ വിളിച്ചുകൊണ്ടേയിരുന്നു. രാവിലെ സംസാരിച്ചവരോട് കോടതിയില്‍ ഇന്നുണ്ടാകുമെന്ന് പറഞ്ഞിരുന്നതിനാല്‍ അവിടെയും അന്വേഷിച്ചു.
ജില്ല സെക്രട്ടറി എത്തിയശേഷമാണ് പൊലീസ് മുഖേന അന്വേഷിച്ചത്. ആദ്യം മൊബൈല്‍ ലൊക്കേഷന്‍ സൈബര്‍ സെൽ സഹായത്തോടെ കണ്ടെത്തി. ഇതോടെയാണ് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍ ഫോണ്‍ ഉള്ളതായി സൂചന ലഭിച്ചത്. വിദ്യാര്‍ഥി-യുവജന സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് പ്രദീപ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.
പിന്നീട് സെന്റ് തോമസ് കോളജ് യൂനിയന്‍ ചെയര്‍മാനുമായി. പത്തനംതിട്ട ഏരിയ സെക്രട്ടറി, ജില്ല ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2021 നവംബറില്‍ നടന്ന സമ്മേളനത്തിലാണ് പാര്‍ട്ടി ഏരിയ സെക്രട്ടറിയായത്. മുതിർന്ന നേതാക്കൾക്ക് എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പിതാവ്: ഇലന്തൂര്‍ പ്രഭാസദനത്തില്‍ രാധാകൃഷ്ണന് നായര്‍. മാതാവ്: ഓമനയമ്മ. സഹോദരങ്ങള്‍: പ്രഭ, രശ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.