പത്തനംതിട്ട: കലഞ്ഞൂരിൽ വർക്ഷോപ്പിലേക്ക് കാർ ഇടിച്ചുകയറ്റി അതിക്രമം കാട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികൾ റിമാൻഡിൽ. കലഞ്ഞൂർ വയലിറക്കത്ത് പുത്തൻപുരയിൽ ഹൗസിൽ സോഫി എന്ന ജോൺ വർഗീസ് (80), കലഞ്ഞൂർ കുറ്റുമൺ , ബിജോ ഭവൻ വീട്ടിൽ ബിനു കെ. വർഗീസ് (52) എന്നിവരാണ് റിമാൻഡിലായത്. കലഞ്ഞൂർ വലിയപ്പള്ളിക്ക് സമീപമുള്ള പെർഫെക്റ്റ് വർക്ഷോപ്പിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നാണ് സംഭവം. ഒന്നാം പ്രതി ജോൺ വർഗീസ്, വിഷ്ണു എന്നയാളുമായി തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ഇയാളെ വാഹനം കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തർക്കം കണ്ട വർക്ഷോപ്പ് ജീവനക്കാർ സ്ഥാപനത്തിന് മുമ്പിൽ വച്ച് വഴക്കുണ്ടാക്കരുത് എന്ന് പറഞ്ഞ വിരോധത്തിലാണ്, കടയിലേക്ക് പ്രതി കാർ ഇടിച്ചു കയറ്റി യത്. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകരുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
വർക്ഷോപ്പ് മാനേജർ ബിജു ജോണിന്റെ മൊഴി പ്രകാരം കൂടൽ പോലീസ് വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസെടുത്തു. കല്ലേറിൽ ജീവനക്കാരനായ കൂടൽ ഇഞ്ചപ്പാറ പുലിപ്രയിൽ റോജൻ റോയിയുടെ ഇടതുചെവിക്ക് പരിക്കേറ്റു. എയർഫോഴ്സിൽ നിന്നും വിരമിച്ചയാളാണ് ഒന്നാം പ്രതി.സ്ഥിരം മദ്യപാനിയും നാട്ടുകാർക്ക് പൊതുവേ ശല്യം ഉണ്ടാക്കുന്ന ആളുമാണ് രണ്ടാം പ്രതിയെന്നും അന്വേഷണത്തിൽ വെളിവായി. തെങ്ങുകയറ്റജോലി ചെയ്യാറുള്ള ഇയാളുടെ പക്കൽ വെട്ടുകത്തി മിക്കവാറും ഉണ്ടാവും.
ഇരുവരും ഒരുമിച്ചുവന്ന വാഹനത്തിൽ സൂക്ഷിച്ച വെട്ടുകത്തി കൊണ്ട് ബിനു, മാനേജർ ബിജുവിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെട്ടു കൊണ്ടില്ല. ജോൺ വർഗീസ് ആണ് റോജനെ കല്ലെറിഞ്ഞത്. സ്ഥലത്ത് കൊലവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, ആക്രമണത്തിന് ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടൽ സി.ഐ സി.എൽ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, കോന്നി എലിയറക്കലിൽ നിന്നും അക്രമികളെ സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കാറിൽ നിന്ന് വെട്ടുകത്തി കണ്ടെടുത്തു. പ്രതികൾ സ്റ്റേഷനിലും ബഹളം സൃഷ്ടിച്ചു. രണ്ടാം പ്രതി കൂടൽ സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.