പത്തനംതിട്ട: യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസിൽ, കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെട്ടയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര മാന്നാർ കോട്ടയ്ക്കമാലി കോളനിയിൽ വാലുപറമ്പിൽ താഴ്ചയിൽ വീട്ടിൽ മാർട്ടിനാണ് (51) പിടിയിലായത്. കടപ്ര മാന്നാർ പരുമല സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ചുകയറി അപമാനിക്കുകയായിരുന്നു.
യുവതി ഒമ്പതിന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഇ.എസ്. സതീഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് 14ന് അന്വേഷണം എസ്.ഐ കെ. സുരേന്ദ്രൻ ഏറ്റെടുത്തു. തെരച്ചിലിൽ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.
കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് മാർട്ടിൻ. മജീദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാവുത്തർ (60 )എന്നയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് 2023ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സ്ഥിരമായി ഇയാളുടെ ചായക്കട ഒഴിവാക്കി തൊട്ടുത്ത മറ്റൊരു കടയിൽ നിന്ന് ചായ കുടിക്കുന്നതിലുള്ള വിരോധത്താൽ 2023 ഡിസംബർ 21ന് രാത്രി 8.45നും 9.15നും ഇടയിലുള്ള സമയത്താണ് മജീദിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.
പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ മുൻവശമുള്ള ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിനോട് ചേർന്ന് പ്രതി നടത്തുന്ന കടയുടെ സമീപത്ത് നിന്ന് ചായ കുടിച്ചിരുന്നപ്പോഴായിരുന്നു ആക്രമണം. മജീദിന്റെ പോക്കറ്റിൽ കയ്യിട്ട് പണവും മറ്റും കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ പ്രകോപിതനായ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു.
തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ശരീരത്തിന്റെ ഒരുവശം തളർന്നനിലയിൽ പരുമലയിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ടയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.