ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സംസാരിക്കുന്നു

വാർഷിക പദ്ധതി നിർവഹണം വേഗത്തിലാക്കണം -ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്

പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിൽ നിർവഹണ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയി ആവശ്യപ്പെട്ടു. ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് നിർദേശം നൽകിയത്.

നിർവഹണ ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ വീഴ്ച പറ്റാതെ പ്രവൃത്തി പൂർത്തിയാക്കണം. ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തി അവലോകന യോഗം ചേർന്ന് പദ്ധതി നിർവഹണം വേഗത്തിലാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ വളരെ കുറച്ച് മാസം മാത്രം ബാക്കി നിൽക്കേ ഇനിയുള്ള ഓരോ ദിവസവും വളരെ പ്രധാനപ്പെട്ടതാണെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

പദ്ധതികൾ സമയബന്ധിതമായി പരിശോധിച്ച് അംഗീകാരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെയും ജില്ലതല യോഗങ്ങളിൽ പങ്കെടുക്കാത്ത വകുപ്പ് മേധാവികൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എ. നിസാമുദ്ദീൻ പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥരായുള്ള പദ്ധതികൾക്ക് സെപ്റ്റംബർ 30ന് മുമ്പ് പരിശോധിച്ചു അംഗീകാരം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.

നിർവഹണ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് പദ്ധതി ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും പൂർണ പിന്തുണ നൽകണം. തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി ഭേദഗതി, 16ാം ധനകാര്യ കമീഷൻ ഗ്രാൻറ് ഉൾപ്പെടുത്തിയുള്ള പദ്ധതികളുടെ പുരോഗതി, ഹെൽത്ത് ഗ്രാന്‍റ് പ്രോജക്ടുകൾക്ക് അംഗീകാരം നൽകൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ജില്ല പ്ലാനിംഗ് ഓഫിസർ ദീപ ചന്ദ്രനും പങ്കെടുത്തു.

Tags:    
News Summary - Accelerate Annual Project Implementation: District Panchayat President Directs Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.