ചുട്ടിപ്പാറ നഴ്സിങ് കോളജിലെ 37 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ
പത്തനംതിട്ട: എം.ജി യൂനിവേഴ്സിറ്റിക്കുകീഴിലെ ചുട്ടിപ്പാറ നഴ്സിങ് കോളജിലെ 37ഓളം വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. താഴെ വെട്ടിപ്പുറത്തെ എന്‍.എസ്.എസ് വനിത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥിനികള്‍ക്കാണ് വിഷബാധയേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികള്‍ക്ക് രാത്രിയായതോടെ ഛർദി ഉണ്ടായതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച മോഡല്‍ പരീക്ഷ നടക്കുകയായിരുന്നു. പരീക്ഷ ഹാളില്‍ ഇരുന്ന് പല കുട്ടികളും ഛർദിച്ച് അബോധാവസ്ഥയിലായി. ഇവരെ കോളജ് അധികൃതര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ കൂടുതൽ വിദ്യാർഥികള്‍ക്കും മറ്റ് ചില അന്തേവാസികൾക്കും കടുത്ത ക്ഷീണവും ഛർദിയും ഉണ്ടായി.
രാത്രിയോടെ കുറച്ചുപേരെ വിട്ടയച്ചു. നിലവിൽ 20ഓളം പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. രാവിലെ അപ്പവും മുട്ടക്കറിയുമാണ് കുട്ടികൾ കഴിച്ചത്. ഈസ്റ്റ് കൂടിപ്പോയതാകാം കാരണമെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം. ഹോസ്റ്റലിനെതിരെ മുമ്പും പരാതി ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.