ആര്‍ദ്രം മിഷന്‍ -2 പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കും -കലക്ടര്‍

പത്തനംതിട്ട: ആരോഗ്യ മേഖലക്ക്​ കുതിപ്പേകുന്ന ആര്‍ദ്രം മിഷന്‍ രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന ആര്‍ദ്രം മിഷന്‍ രണ്ടിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സാധാരണക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കുന്നതില്‍ വലിയ പങ്കാണ് ആര്‍ദ്രം മിഷന്‍ വഹിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ മിഷന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി കമ്മിറ്റിയും രൂപവത്​കരിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ജില്ല പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം), ജില്ല നോഡല്‍ ഓഫിസര്‍ ആര്‍ദ്രം (കണ്‍വീനര്‍), ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം, ഹോമിയോ), കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സംസ്ഥാനതല എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ മെംബര്‍മാരാണ്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായാണ് ആര്‍ദ്രം -2 മിഷന്‍ നടപ്പാക്കുന്നത്. ജില്ലതല കാന്‍സര്‍ പരിരക്ഷ പരിപാടി, വാര്‍ഷിക ആരോഗ്യ പരിശോധന, ഏകാരോഗ്യം കാമ്പയിന്‍ ഇവയൊക്കെ ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിവരുന്നു. ഈ മൂന്ന് പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും ഒരു ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കും. ഏകാരോഗ്യം കാമ്പയിനിലൂടെ മൃഗങ്ങള്‍ വഴി അസുഖം വരാതിരിക്കാന്‍ വേണ്ട രോഗപ്രതിരോധ ഇടപെടലിനൊപ്പം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വഴി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മിഷന്‍ രൂപംനല്‍കുന്നത്. ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളില്‍ ഏകാരോഗ്യ പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ കാമ്പയിനുകള്‍ക്ക് തുടക്കമിടും. ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ശൈലി എന്ന മൊബൈല്‍ ആപ് വഴി ചോദ്യാവലി തയാറാക്കി ജനകീയ പങ്കാളിത്തത്തോടെ അവബോധം നല്‍കും. 30 വയസ്സിന് മുകളിലുള്ളവരിലെ ജീവിതശൈലീരോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള വാര്‍ഷിക ആരോഗ്യ പരിശോധനക്ക്​ ജില്ലയിലെ റാന്നി- പഴവങ്ങാടി, മെഴുവേലി, ഏഴംകുളം, കൂടല്‍, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ ആദ്യഘട്ടത്തില്‍ തുടക്കമാകും. കൂടാതെ ലാബ് സേവനങ്ങള്‍ കുറഞ്ഞനിരക്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ നല്‍കി അത് ഹബിലേക്ക് വിട്ട് അവിടെ നിന്നും ജനങ്ങള്‍ക്ക് റിസൽറ്റ്​​ പോര്‍ട്ടല്‍ വഴി നല്‍കുന്ന സംവിധാനവും നടപ്പാക്കും. ഫോട്ടോ അടിക്കുറിപ്പ്- PTL43ardram mission കലക്ടറേറ്റില്‍ ചേര്‍ന്ന ആര്‍ദ്രം മിഷന്‍ രണ്ടിന്റെ യോഗത്തില്‍ കലക്ടര്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.