ലൈഫ് ഭവനസമുച്ചയം മുടിയൂര്‍ക്കോണത്ത്: 17ന് നിര്‍മാണ ഉദ്ഘാടനം

പന്തളം: ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവനസമുച്ചയം പന്തളം മുടിയൂര്‍ക്കോണത്ത് 17ന് നിര്‍മാണം തുടങ്ങുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. വസ്തുവും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നത്. ഇതുപ്രകാരം 2019-20 ബജറ്റില്‍ ഉള്‍പ്പെടുത്തി 14 ജില്ലയിലും ഒരു ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് നല്‍കുന്നതിന്​ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ബജറ്റില്‍ 1200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പന്തളത്ത് നിര്‍മിക്കുന്ന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. രണ്ട്മുറിയും അടുക്കളയും ഹാളും ടോയ്‌ലറ്റും അടങ്ങിയതാണ് ഫ്ലാറ്റ്. ആകെ 27,000 ചതുരശ്ര മീറ്റർ വിസ്തൃതി വരും. 6,56,90,000 രൂപയാണ് ചെലവ്. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘം ആണ് കണ്‍സള്‍ട്ടന്‍സി. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിര്‍മാണച്ചുമതല. ആറുമാസമാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ എടുക്കുന്ന സമയം. രണ്ട് ടവറുകളിലാണ് ഫ്ലാറ്റ് നിര്‍മിക്കുന്നത്. പ്രധാന ടവറില്‍ 32 ഫ്ലാറ്റും രണ്ടാമത്തെ ടവറില്‍ 12 ഫ്ലാറ്റുമാണുള്ളത്​. നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം എം.എൽ.എ, നഗരസഭ ചെയര്‍പേഴ്‌സൻ ടി.കെ. സതി എന്നിവർ സന്ദർശിച്ചു. ഇതുകൂടാതെ ഏഴംകുളം പഞ്ചായത്തില്‍ ഏനാത്തും കടമ്പനാട് പഞ്ചായത്തില്‍ മറ്റുരണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളുടെയും നിര്‍മാണവും ഉടന്‍ ആരംഭിക്കും. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എൽ.എ പറഞ്ഞു. ptl__mudiyoorkonam flat complex പന്തളം മുടിയൂർകോണത്ത് നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിനായുള്ള സ്ഥലം ചിറ്റയം ഗോപകുമാര്‍ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.