വേങ്ങൽ ഇരുകര പാടശേഖരത്ത്​ മട വീണു

150 ഏക്കറിൽ കൃഷിനാശം തിരുവല്ല: കനത്ത വേനൽ മഴയെത്തുടർന്ന് മട വീണ് കൊയ്ത്തിന് പാകമായ വേങ്ങൽ ഇരുകര പാടശേഖരത്തിൽ വെള്ളം കയറി. 150 ഏക്കർ പാടശേഖരത്തിൽ ചൊവ്വാഴ്ച പുലർയോടെയാണ് മട വീണത്. ഇടിഞ്ഞില്ലം-കണ്ണാട്ടുമട ബണ്ടിന്‍റെ മധ്യഭാഗത്തായാണ് മട വീണത്. മട വീണതിനെത്തുടർന്ന് പാടത്ത് മൂന്നടിയോളം വെള്ളം കയറി. മട വീണ ഭാഗം പുനർനിർമിക്കുന്ന ജോലി രാവിലെ മുതൽക്കേ ആരംഭിച്ചിട്ടുണ്ട്. കുതിരശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് പാടശേഖരത്തിൽ കെട്ടി നിൽക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് രാവിലെ 10ഓടെ പാടത്ത് സന്ദർശനം നടത്തി. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തൻ ജോസഫ്, വൈസ് പ്രസിഡന്‍റ്​ ശാന്തമ്മ ആർ. നായർ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സോമൻ താമരച്ചാൽ, പാടശേഖര സമിതി ഭാരവാഹികളായ രാജു തൈയിൽ, തങ്കച്ചൻ കോയിക്കളം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാനായില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.