കുടുംബശ്രീ സ്ത്രീശക്തി കലാജാഥ പര്യടനം തുടങ്ങി

പത്തനംതിട്ട: സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ ഈ മാസം18വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കും. കലാജാഥയുടെ ജില്ലതല പര്യടനം പത്തനംതിട്ട പ്രൈവറ്റ് ബസ്​സ്റ്റാന്‍ഡ് ഓപണ്‍ സ്റ്റേജില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഷോ അടൂര്‍ എസ്.എൻ.ഡി.പി ഹാളില്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായി ദിവസവും നാലു വേദിയിലാണ് സംഘനാടകം, സംഗീതശില്‍പം എന്നിവ അവതരിപ്പിക്കുന്നത്. സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം വിഷയങ്ങളെ ആസ്പദമാക്കിയാണ് മൂന്ന് നാടകവും രണ്ട് സംഗീത ശില്‍പവും രൂപകല്‍പന ചെയ്തത്. പെണ്‍വിമോചന കനവുത്സവത്തോടെയാണ് കലാവിരുന്നിന്റെ സമാപനം. ജില്ലയില്‍ 40 വേദിയിലായാണ് കലാജാഥ സംഘടിപ്പിക്കുന്നത്. ബോധവത്കരണ പരിപാടി പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക്​ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി ബോധവത്​കരണ പരിപാടി നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ ഉദ്ഘാടനം ചെയ്തു. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഷാന്‍ രമേശ് ഗോപന്‍, അഡ്വ. എം.ബി. ദിലീപ്കുമാര്‍ എന്നിവർ ക്ലാസ് എടുത്തു. വിമുക്ത ഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നഷ്ടപ്പെട്ട (2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്റ്റ് 31വരെയുള്ള കാലയളവില്‍) വിമുക്ത ഭടന്മാര്‍ക്ക്, ഏപ്രില്‍ 30വരെ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. വിമുക്ത ഭടന്മാര്‍ പുതുക്കാനുള്ള അപേക്ഷയും തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ, തപാല്‍ മാര്‍ഗമോ ജില്ല സൈനിക ക്ഷേമ ഓഫിസില്‍ എത്തിച്ച് തൊഴില്‍ രജിസ്ട്രേഷന്‍ പ്രത്യേക പുതുക്കല്‍വഴി നടത്താമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.