ബസ് സർവിസുകൾ നിലച്ചു; വിദ്യാർഥികളും നാട്ടുകാരും ദുരിതത്തിൽ

വടശ്ശേരിക്കര: കോവിഡ് കാലത്തിനുശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുകയും ജനജീവിതം സാധാരണഗതിയിൽ ആവുകയും ചെയ്‌തിട്ടും സ്വകാര്യ ബസ് സർവിസുകൾ പൂർണമായും പുനരാരംഭിക്കാത്തതുമൂലം കിഴക്കൻ മേഖലയിൽ യാത്രാദുരിതം. സമയത്ത് വിദ്യാലയങ്ങളിൽ എത്തേണ്ട വിദ്യാർഥികളും തൊഴിലാളികളും നാട്ടുകാരുമെല്ലാം പെടാപ്പാട് പെടുകയാണ്. മലയോര മേഖലയായ ചിറ്റാർ, ആങ്ങമൂഴി, വടശ്ശേരിക്കര, ഇടമുറി, കുടമുരുട്ടി, വെച്ചൂച്ചിറ, കടുമീൻചിറ തുടങ്ങിയ മേഖലകളിലാണ് യാത്രാദുരിതമേറെ. കോവിഡിനെ തുടർന്ന് നാളുകളോളം ഓടാതിരുന്ന സ്വകാര്യബസുകൾ പലതും പെർമിറ്റ് പ്രശ്നത്തെത്തുടർന്നാണ് സർവിസ് നടത്താത്തതെന്നാണ് അറിയുന്നത്. നിലവിൽ സർവിസ് നടത്തുന്ന ചില ബസുകളാവട്ടെ പെർമിറ്റിലുള്ള പ്രദേശങ്ങളിലേക്ക് പോകാതെ ഇടക്കുവെച്ച് സർവിസ് നിർത്തുന്നതായും പരാതിയുണ്ട്. ഇതുമൂലം പാതി വഴിയിൽ ഇറങ്ങി കിലോമീറ്ററുകളോളം നടന്നാണ് വിദ്യാർഥികൾ വീടെത്തുന്നത്. വടശ്ശേരിക്കരയെയും റാന്നിയെയും ബന്ധിപ്പിച്ച്​ കാൽമണിക്കൂറിനിടെ സർവിസ് നടത്തിയിരുന്ന നിരവധി ബസുകൾ നിന്നുപോയി. ഇപ്പോൾ ഇതുവഴി ഒന്നോ രണ്ടോ ബസ്​ മാത്രമാണുള്ളത്. ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെയും ഇടമുറി സെന്‍റ്​ തോമസ്‌ കോളജിലെയും അധ്യാപകരും വിദ്യാർഥികളും ഈ പ്രദേശവാസികളും ആശ്രയിക്കുന്ന ബസ്‌ സർവിസ്‌ നിർത്തലാക്കിയതോടെ ഈ പ്രദേശം തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സമാന സാഹചര്യമാണ് കുടമുരുട്ടി, ചിറ്റാർ, ആങ്ങമൂഴി മേഖലയിലും. ഈ റൂട്ടുകളൊക്കെ ഒരുകാലത്ത്​ ലാഭകരമായി സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ നിന്നുപോയിടത്ത് കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ തയാറാകുന്നുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.