പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപവത്​കരിക്കും -മന്ത്രി ജി.ആര്‍. അനില്‍

പത്തനംതിട്ട: സംസ്ഥാനത്തെ കായിക മേഖലയുടെ വളര്‍ച്ചക്കായി പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപവത്​കരിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കായിക മേഖലയുടെ വളർച്ചക്ക് ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന നയവും രൂപവത്​കരിക്കും. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ തലത്തില്‍ ഏറെ പ്രാധാന്യമുള്ള കായിക ഇനമാണ് ഹോക്കി. അതുകൊണ്ടാണ് ഒരു ഹോക്കി സ്റ്റിക് കൊണ്ട് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദി‍ൻെറ ജന്മദിനം തന്നെ കായിക ദിനമായി ആചരിക്കുന്നത്. കോവിഡ് തളര്‍ത്തിയ കായിക മേഖലയെ സജീവമാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നത്. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അതിനുള്ള പശ്ചാത്തലം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹോക്കി ചാമ്പ്യന്‍ഷിപ്പിന്​ പത്തനംതിട്ട ജില്ല ആസ്ഥാനം ഒരു വ്യാഴവട്ടക്കാലത്തിനുശേഷമാണ് വേദിയാകുന്നത്. മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കേരള ഹോക്കി പ്രസിഡന്‍റ്​ വി.സുനില്‍കുമാര്‍, ദേശീയ സര്‍വിസസ് ഹോക്കി താരം ഗോകുല്‍ രാജ് എന്നിവരെ സ്തുത്യര്‍ഹ സേവനത്തിന് മൊമെ​ന്‍റോ നല്‍കി ആദരിച്ചു. പത്തനംതിട്ട ഹോക്കി പ്രസിഡന്‍റ്​ കെ. അനില്‍കുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇ.എസ്. രാജേന്ദ്രന്‍ നായര്‍, മാസ്റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ എന്‍.പി. ഗോപാലകൃഷ്ണന്‍, ജില്ല ഹോക്കി രക്ഷാധികാരി എസ്. രവീന്ദ്രന്‍, ട്രഷറര്‍ വിനോദ് പുളിമൂട്ടില്‍, സെക്രട്ടറി അമൃത് സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ കലക്ടർ ദിവ്യ എസ്.അയ്യർ പതാക ഉയർത്തി. ഞായറാഴ്ച ഉച്ചക്ക് 2.30ന് സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ മുഖ്യാതിഥിയായിരിക്കും PTL 12 HOCKY ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.