അലാറം മുഴങ്ങുമ്പോൾ ഉള്ളിൽ തീയായിരുന്നു സ്റ്റാൻലിക്ക്​

പന്തളം: അലാറം മുഴങ്ങുമ്പോൾ ഉള്ളിൽ തീ ആയിരുന്നു സ്റ്റാൻലിന്. പന്തളം ചിത്ര ആശുപത്രിക്ക് സമീപം താമസിക്കുന്ന കുരമ്പാല തേരകത്തിനാൽ ഗിൽഗാൽ വില്ലയിൽ സജിയുടെയും ലിറ്റിയുടെയും മകനാണ് യുദ്ധഭൂമിയിൽനിന്ന്​ നാട്ടിലെത്തിയ സ്റ്റാൻലി. യുക്രെയ്​നിൽ വിന്നിറ്റ്സിയ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കഴിഞ്ഞ ഒരാഴ്ചയോളം ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ എത്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് സ്റ്റാൻലി. ആദ്യ അലാറം മുഴങ്ങിയപ്പോൾ കോളജ് നൽകിയ താമസസ്ഥലമായ മീർ ഹോട്ടലിലെ ബങ്കറിനുള്ളിൽ കഴിയുകയായിരുന്നു. ഓരോ അലാറവും വലിയ അപകട സൂചനയാണ് നൽകിയത്. അലാറം മുഴങ്ങുമ്പോൾ ബഹുനില കെട്ടിടത്തിലെ താഴത്തെ നിലയിൽ ഓടിയെത്തും. കൈയിൽ കിട്ടുന്ന എന്തെങ്കിലും എടുത്തുകൊണ്ട് ഓടുകയാണ്. ദിവസവും അഞ്ചിലേറെ അലാറം മുഴങ്ങും. ഇടക്ക്​ പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജീവിതത്തിനും മരണത്തിനും ഇടയിലാണ്​ കഴിഞ്ഞുകൂടിയത്. ഒടുവിൽ എംബസിയിൽനിന്ന്​ ഉടൻ പുറപ്പെടാൻ തയാറാകാൻ അറിയിക്കുകയായിരുന്നു. പുസ്തകങ്ങളും കമ്പ്യൂട്ടറുകളും എല്ലാം ഉപേക്ഷിച്ച് ഒരു ബാഗിൽ കൊള്ളുന്ന തുണിയുമായി അവിടെനിന്ന്​ ഇറങ്ങി. 12 മണിക്കൂറോളം കാൽനടയായി നടന്നു. ഹങ്കറി അതിർത്തിയിലെത്തി. അവിടെനിന്ന്​ ട്രെയിൻ മാർഗം അയൽരാജ്യത്തേക്ക് പോയി. റെയിൽവേ സ്റ്റേഷനിലും പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. പെൺകുട്ടികളുടെ തലമുടിയിൽ പിടിച്ചുവലിക്കുകയും വിദ്യാർഥികളെ പിടിച്ചുതള്ളുകയും ചെയ്തു. പന്തളത്തെ വീട്ടിലെത്തിയ ബി.ജെ.പി പ്രാദേശിക നേതാക്കളുടെ സഹായത്തോടെ കേന്ദ്രമന്ത്രി വി. മുരളീധരനുമായി മാതാപിതാക്കൾ സംസാരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട്​ നെടുമ്പാശ്ശേരിയിലെത്തി. സഹപാഠി പഞ്ചാബ് സ്വദേശി പക്ഷാഘാതം മൂലം മരിച്ച വാർത്തയും സ്റ്റാൻലിയെ വിഷമത്തിലാക്കി. ഫോട്ടോ .. യുക്രൈനിൽ നിന്ന്​ പന്തളത്തെ വീട്ടിലെത്തിയ സ്റ്റാൻലി മാതാപിതാക്കൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.