കോണ്‍ഗ്രസ് നേതൃത്വത്തില്‍ രക്തസാക്ഷിത്വ ദിനാചരണം

പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഞായറാഴ്ച വിവിധ പരിപാടികളോടെ ജില്ലയിലൊട്ടാകെ ആചരിക്കും. കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന, പ്രാര്‍ഥനയോഗങ്ങള്‍, അനുസ്മരണ സമ്മേളനങ്ങള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പുതുതായി രൂപവത്​കരിച്ച യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 'ഗാന്ധിജിയുടെ ജീവിതവും സമരവും' വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി, പ്രസംഗം, ചര്‍ച്ച എന്നിവയും സംഘടിപ്പിക്കും. രാഷ്ട്രപിതാവ് വെടിയേറ്റ് മരിച്ച വൈകീട്ട് 5.15നും 5.30നും ഇടയില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ വര്‍ഗീയവിരുദ്ധ പ്രതിജ്ഞയും ചൊല്ലുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു. --------- ദലിത് ക്രിസ്​ത്യന്‍, മുസ്​ലിംകള്‍ക്ക് പട്ടികജാതി സംവരണം സ്വാഗതാര്‍ഹം പത്തനംതിട്ട: ഇന്ത്യയിലെ ദലിത് ക്രിസ്ത്യന്‍, മുസ്​ലിം വിഭാഗത്തിൽപെട്ടവർക്ക് പട്ടികജാതി സംവരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാർ നടത്തുന്ന നീക്കം സ്വാഗതാര്‍ഹമാണെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഹിന്ദുക്കളായ ദലിതരില്‍ മാത്രമായി സംവരണം നിജപ്പെട്ടത്. കടുത്ത സാമൂഹിക സാഹചര്യങ്ങള്‍കൊണ്ടാണ് മുന്‍കാലത്ത് ദലിത് സഹോദരങ്ങള്‍ ഇതര മതവിഭാഗങ്ങളില്‍ ചേക്കേറിയത്. കേവലം സാങ്കേതികതയുടെ പേരില്‍ ഇവര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യം തടയുന്നത് അനീതിയാണ്. ദലിത് ക്രിസ്ത്യന്‍, മുസ്​ലിം സഹോദരങ്ങള്‍കൂടി പട്ടികവിഭാഗത്തില്‍ വരുമ്പോള്‍ പട്ടികജാതി സംവരണം ആനുപാതികമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കേരളത്തില്‍ ദലിത് ക്രിസ്ത്യാനികൾക്ക്​ ഒരു ശതമാനം സംവരണം മാത്രമാണ് ലഭിക്കുന്നത്. മുസ്​ലിം സമുദായത്തില്‍പെട്ട ദലിതര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.