മാലിന്യ നിർമാർജനത്തിന് പരിഹാരം തിരുവല്ല നഗരത്തിൽ പ്രതിദിനം 18.5 ടൺ മാലിന്യം സൃഷ്ടിക്കപ്പെടുന്നു തിരുവല്ല: ശതാബ്ദി പിന്നിട്ട തിരുവല്ല നഗരസഭയുടെ ഒരുവർഷത്തെ ഭരണം കുറ്റമറ്റതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മാലിന്യ നിർമാർജനത്തിനും നഗര സൗന്ദര്യവത്കണത്തിനും ഊന്നൽ നൽകിയ പദ്ധതികളാണ് ഒരുവർഷമായി നടപ്പാക്കിവരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തും സജീവമായ ഇടപെടൽ നടത്തുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. കക്ഷിനില: യു.ഡി.എഫ് - 16, എൽ.ഡി.എഫ് -14, ബി.ജെ.പി- 7, എസ്.ഡി.പി.ഐ - 1, സ്വതന്ത്ര - 1. കേവലം ഒരംഗത്തിന്‍റെ മാത്രം ഭൂരിപക്ഷത്തിലാണ് നഗരസഭ ഭരണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ സമരത്തിനും നഗരസഭ വേദിയായി. സി.എഫ്.എൽ.ടി.സി നടത്തിപ്പിനായി ചെലവഴിച്ച തുക സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അതിനുശേഷമേ തുക കൈമാറൻ അനുവദിക്കൂ എന്നും ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് എൽ.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സൻ ബിന്ദു ജയകുമാറിനെ തടഞ്ഞുവെച്ചിരുന്നു. ബിൽ പാസാക്കുന്ന അജണ്ട കൗൺസിൽ മിനിറ്റ്സിൽനിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണ് അന്ന് ഉപരോധം അവസാനിച്ചത്. 27.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തിരുവല്ല നഗരസഭയിൽ 39 വാർഡുകളാണുള്ളത്. 2011ലെ സെൻസസ് പ്രകാരം 52883 ആണ് ജനസംഖ്യ. വളർച്ചയിലേക്ക് അതിവേഗം കുതിക്കുന്ന നഗരമെന്ന നിലയിൽ മാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങളാണ് തിരുവല്ലയിൽ നടക്കുന്നത്. തിരുവല്ല നഗരത്തിൽ പ്രതിദിനം 18.5 ടൺ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 12 ടണ്ണോളം ജൈവ മാലിന്യമാണ്. ഇത് ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ബാക്കിയുള്ള മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനായി ഹരിതകർമ സേനക്ക് രൂപംനൽകിയിട്ടുണ്ട്. ------- സതീഷ് കുമാർ --------------- എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം -ചെയർപേഴ്സൻ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നഗരസഭയിലെ 60 ശതമാനം വീടുകളിലും നടപ്പാക്കിക്കഴിഞ്ഞു. ഒരു വർഷത്തിനകം ഇത് 100 ശതമാനമാക്കും. അജൈവ മാലിന്യ ശേഖരണ പദ്ധതിയുമായി 14,500 വീടുകൾ സഹകരിക്കുന്നുണ്ട്. മൂന്നുമാസത്തിനകം മുഴുവൻ വീടുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. അജൈവ മാലിന്യ സംസ്കരണത്തിനായി 1400 ചതുരശ്ര അടി വലുപ്പമുള്ള പ്ലാന്‍റ് ഉണ്ട്. 2600 ചതുരശ്ര അടിയുള്ള പ്ലാന്‍റ് കൂടി ഈമാസം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. ജൈവ മാലിന്യ സംസ്കരണത്തിനായി വിവിധ വാർഡുകളിലായി 20 പ്ലാന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ പ്ലാന്‍റുകൾ സ്ഥാപിക്കാൻ ഇത്തവണത്തെ ബജറ്റിൽ 17ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി. 20 സ്ഥലങ്ങളിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യരഹിത തെരുവോരം പദ്ധതിക്കും നഗരസഭ തുടക്കമിട്ടുകഴിഞ്ഞു. ഇതിന്‍റെ ഭാഗമായി പതിവായി മാലിന്യം തള്ളിയിരുന്ന ഏഴ് സ്ഥലങ്ങളിൽനിന്ന് മാലിന്യം നീക്കംചെയ്ത് വഴിയോര പൂന്തോട്ടങ്ങളാക്കി മാറ്റി. ഈ പദ്ധതി ഈ വർഷം 25 സ്ഥലങ്ങളിൽ കൂടി നടപ്പിലാക്കും. മാലിന്യനിക്ഷേപം തടയുന്നതിനായി 12 നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽപ് ലൈനും ആരംഭിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ നഗരസഭ സദാസന്നദ്ധമാണ്. മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിൽ ലഭിക്കുന്ന ഉദ്യോഗസ്ഥ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.