കാത്തിരിപ്പിന് വിരാമം: ഏനാദിമംഗലത്ത് വാഹന ഇന്ധന ഔട്​ലെറ്റ്

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിലെ വാഹന യാത്രികരുടെയും ഏനാദിമംഗലത്തെ തദ്ദേശവാസികളുടെയും ചിരകാലാഭിലാഷം പൂവണിയുന്നു. പാതയില്‍ പറക്കോടിനും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനുമിടക്ക് 14 കിലോമീറ്ററിനിടെ പെട്രോള്‍ പമ്പില്ലായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം പറക്കോടിനും പത്തനാപുരത്തിനും മധ്യേ തോട്ടപ്പാലത്തിനും ചാങ്കൂര്‍ ജങ്ഷനുമിടയിൽ ഭാരത് പെട്രോളിയം പമ്പ് സ്ഥാപിച്ചു. അവസാനഘട്ട പണി പുരോഗമിക്കുകയാണ്. സംസ്ഥാന പാതയില്‍ മങ്ങാട് മുതല്‍ പുതുവല്‍ ജങ്ഷന് കിഴക്കുവരെ തെക്കുവശം മുഴുവന്‍ നെല്‍വയലായിരുന്നു. ഭൂമാഫിയയും വ്യക്തികളും ഇതില്‍ ഏറെയും നികത്തിയത് പെട്രോള്‍ പമ്പ് സ്ഥാപിക്കാനെന്ന പേരിലായിരുന്നു. ഓരോതവണയും നിലം നികത്തുമ്പോഴും തദ്ദേശവാസികള്‍ പെട്രോള്‍ പമ്പിനായി കാത്തിരിക്കുകയും ഒടുവില്‍ നിരാശപ്പെടുകയുമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇളമണ്ണൂര്‍ കുതിരമണ്‍ ഏല നികത്തിയിരുന്നു. ഇത് പിന്നീട് ഹോളോബ്രിക്‌സ് യൂനിറ്റായി മാറി. ഏനാദിമംഗലത്ത് കരിഞ്ചന്തയിലെ പെട്രോള്‍ വില്‍പന വ്യാപകമാണ്. ലിറ്ററിന് 10-20 രൂപ അധിക വില ഈടാക്കിയാണ് കച്ചവടം. ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ വ്യക്തികളും മിക്കപ്പോഴും ഇവരില്‍നിന്ന് പെട്രോള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. കിലോമീറ്ററുകള്‍ ഓടിവരുന്ന വാഹനങ്ങള്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുന്നതും പതിവായിന്നു. തമിഴ്‌നാട്ടില്‍നിന്ന് നിത്യേന നൂറുകണക്കിന് ചരക്കുലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന സംസ്ഥാന പാതയില്‍ പുതിയ വാഹന ഇന്ധന ഔട്​ലെറ്റ് ഏറെ പ്രയോജനകരമാകും. PTL ADR Petrolpump ഏനാദിമംഗലം തോട്ടപ്പാലം ജങ്ഷനു സമീപം സ്ഥാപിച്ച ഭാരത് പെട്രോളിയം ഔട്​ലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.