പ്ലാസ്​റ്റിക്​ മാലിന്യം നിറഞ്ഞ്​ കല്ലാർ

രോഗഭീതിയിൽ ജനം, വന്യമൃഗങ്ങൾക്കും ഭീഷണി കോന്നി: കനത്ത മഴയില്‍ കുതിച്ചൊഴുകിയ കല്ലാറ്റിലെ ജലനിരപ്പ് താഴ്​ന്നപ്പോള്‍ നദി പ്ലാസ്​റ്റിക് മാലിന്യക്കൂമ്പാരം. തണ്ണിത്തോട് ഇലവുങ്കല്‍ തോടി‍ൻെറ ഭാഗം മുതല്‍ നദിയുടെ മധ്യത്ത്​ രൂപപ്പെട്ട ചെറിയ തുരുത്തുകളില്‍ വളര്‍ന്ന ചെടികളില്‍ പ്ലാസ്​റ്റിക് മാലിന്യവും പഴന്തുണികളുമടക്കം വൻ മാലിന്യശേഖരമാണുള്ളത്. നദീതീരത്ത് വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളും പ്ലാസ്​റ്റിക് മാലിന്യംകൊണ്ട് മൂടി. തണ്ണിത്തോടി‍ൻെറ വിവിധ പ്രദേശങ്ങളില്‍നിന്ന്​ ഒഴുകിയെത്തുന്ന ചെറുതും വലുതുമായ തോടുകള്‍ കല്ലാറ്റിലാണ് സംഗമിക്കുന്നത്. ഈ തോടുകളില്‍ മഴക്കാലത്ത് ഉപേക്ഷിക്കുന്ന മാലിന്യം എത്തുന്നത്​ കല്ലാറ്റിലാണ്. രാസമാലിന്യം അടക്കം ഇതിലുണ്ട്. തേക്കുതോട് പമ്പ് ഹൗസിലെ ശുദ്ധജല വിതരണത്തിനും ജനം വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും മാലിന്യം കലര്‍ന്ന കല്ലാറ്റിലെ ജലമാണ്. ഇത് പല സാംക്രമികരോഗങ്ങള്‍ പരക്കുന്നതിന് ഇടയാക്കുമെന്ന്​ ആശങ്കയുണ്ട്​. കല്ലാറി‍ൻെറ ഇരുകരയിലും വനമായതിനാല്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ക്കും മാലിന്യം ഭീഷണിയാകുന്നുണ്ട്‌. നിരവധി വന്യജീവികള്‍ കല്ലാറ്റില്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ട്​. ആനയും മറ്റ്​ മൃഗങ്ങളും ഇത് ഭക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്​. നദിയിലെ മീനുകളെയും മാലിന്യം ദോഷകരമായി ബാധിക്കുന്നുണ്ട്. നദിയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കല്ലാറ്റില്‍ മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.