മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം - മന്ത്രി കെ.രാജു പത്തനംതിട്ട: കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജുവി​ൻെറ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വിഡിയോ കോൺഫറൻസിലൂടെയാണ്​ മന്ത്രി പ​ങ്കെടുത്തത്​. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. നദിയിലും ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. വനപ്രദേശങ്ങളിലും ശക്തമായി മഴ ലഭിക്കുന്നുണ്ട്. മുമ്പ്​ വെള്ളം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. നദികള്‍ക്ക് സമീപം വസിക്കുന്നവര്‍ മാറിത്താമസിക്കാൻ ക്രമീകരണങ്ങള്‍ ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആർ.എഫ്, ഫയര്‍ഫോഴ്‌സ്, പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധസേവകര്‍ തുടങ്ങിയവർ പ്രവര്‍ത്തനം ആരംഭിക്കും. പുനരധിവാസ ക്യാമ്പുകളുടെ ചുമതല പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കുമാണ്. കോവിഡ് ക്യാമ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കണം. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലേക്ക് 40 ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വള്ളങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഡാമുകളില്‍ വെള്ളം ക്രമീകരിച്ച് തുറന്നുവിടണമെന്ന് ആ​േൻറാ ആൻറണി എം.പി പറഞ്ഞു. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ ഗുരുതര സാഹചര്യമില്ലെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.