വടശ്ശേരിക്കര: പെരുനാട് ശുഭാനന്ദ ആശ്രമത്തിനോട് സാമ്യമുള്ള ശുഭാനന്ദ ശാന്തി ആശ്രമം എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ച് പൂവത്തുംമൂടിന് സമീപം മാടത്തുംപടി ഭാഗത്ത് ദമ്പതികൾ നടത്തുന്ന സ്ഥാപനത്തിലെ കക്കൂസ് മാലിന്യം പമ്പാനദിയിലേക്ക് ഒഴുക്കുന്നതിനെതിരെ പ്രദേശവാസികൾ രൂപവത്കരിച്ച മാടത്തുംപടി പൗരസമിതി പ്രതിഷേധിച്ചു. മാലിന്യം പമ്പാനദിയിൽ ഒഴുക്കുന്നതിന് തൊട്ടുതാഴെയാണ് ശുദ്ധജലം വിതരണത്തിന് വാട്ടർ അതോറിറ്റിയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത്. പൗരസമിതി നൽകിയ പരാതിയിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ട്രസ്റ്റ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. പാറപ്പുറത്തെ സെപ്റ്റിക് ടാങ്ക് അശാസ്ത്രീയമായ രീതിയിലാണ് നിർമിച്ചത്. പരാതി കൊടുത്തതിൻെറ വൈരാഗ്യത്തിൽ ദമ്പതികൾ ട്രെസ്റ്റിൻെറ മുന്നിലെ പൊതുവഴി തടയുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. മഴക്കാലപൂർവ ശുചീകരണ ഭാഗമായി വാർഡ് അംഗത്തിൻെറ സാന്നിധ്യത്തിൽ പൊതുവഴി വൃത്തിയാക്കുന്നതിനിടെ ദമ്പതികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസിലും മറ്റും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പൗരസമിതി പ്രതിഷേധ ജാഥയും യോഗവും നടത്തി. വാർഡ് അംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ, അട്ടത്തോട് പട്ടികവർഗ കോളനിയിലെ ഊരുമൂപ്പൻ എ.ആർ. നാരായണൻ, സാനു മാമ്പാറ, മോളി ഷാജി, ആശ ശ്രീകുമാർ എന്നിവർ സംസാരിച്ചു. വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് ഓഫിസുകൾ ഉപരോധിക്കുന്നതടക്കം സമരവുമായി മുമ്പോട്ടുപോകുമെന്ന് പൗരസമിതി പ്രസിഡന്‍റ് ജയേന്ദ്രൻ കോട്ടൂര് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.