'സർക്കാർ പട്ടിക വിഭാഗം വിദ്യാർഥികളുടെ പഠനം മുടക്കുന്നു '

പത്തനംതിട്ട: പരീക്ഷാഫീസ് അടക്കാതെ സംസ്ഥാന സർക്കാർ പട്ടികജാതി/വർഗ വിദ്യാർഥികളുടെ പഠനം മുടക്കുകയാണെന്ന് അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന പ്രസിഡന്റ് ഉഷകൊട്ടാരക്കര ആരോപിച്ചു. 2021-22 സാമ്പത്തിക വർഷം മുതലാണ് പുത്തൻ പരിഷ്കരണം സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങിയത്. മുൻവർഷങ്ങളിലേത് പോലെ ലംപ്​സം ഗ്രാൻഡ്​ വിദ്യാർഥികളുടെ അക്കൗണ്ടിലും പരീക്ഷഫീസ് സ്ഥാപനങ്ങളിൽ നേരിട്ട് നൽകുകയും ചെയ്യുന്ന രീതി തുടരണം. നിലവിൽ വിദ്യാർഥികളുടെ പരീക്ഷാ ഫീസ് അടക്കാത്ത നടപടി തുടർന്നാൽ എം.ബി.ബി.എസ്, എൻജിനീയറിങ് തുടങ്ങി പ്രഫഷനൽ കോഴ്സുകളിൽ അടക്കം നിരവധി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം തുടർന്നും ഉണ്ടാവും. പരീക്ഷ ഫീസ് ഏറെ വൈകിയാണെങ്കിലും വിദ്യാർഥികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുള്ള വകുപ്പിന്റെ വിശദീകരണം ഏറെ വിചിത്രമാണ്. ഇത് വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ മാത്രമേ കാരണമാവൂ. കേന്ദ്രസർക്കാറിന്‍റെ നിർദേശ പ്രകാരമാണ് ഈ നടപടിയെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ പോലും വിദ്യാർഥികളുടെ പരീക്ഷയെഴുതാനുള്ള അവകാശം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിദ്യാർഥികളുടെ അക്കാദമിക് ഇയർ നഷ്ടമാവാതെ സമാന്തര പരീക്ഷ നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വിഷയത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഉഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.