മേൽപാലം: പൈലിങ്​ പുരോഗമിക്കുന്നു

പത്തനംതിട്ട: അബാൻ മേൽപാലത്തിലെ പൈലിങ്ങിന് ശേഷം മണ്ണ് നിറച്ച് ഭാരം പരിശോധിക്കുന്നത് വെള്ളിയാഴ്ച പൂർത്തിയാകും. 600 ടൺ മണ്ണ് നിറച്ചാണ് ഭാരം പരിശോധിക്കുന്നത്. ഉള്ളിൽ മണ്ണ് നിറച്ച് ഇടിഞ്ഞു വീഴാതിരിക്കാൻ നാല് വശത്തും മണ്ണ് നിറച്ച ചാക്കുകൾ അടുക്കുന്ന ജോലികളാണ് നടക്കുന്നത്. ആറ് മീറ്റർ ഉയരത്തിലാണ് മണ്ണ് നിറക്കുന്നത്. മണ്ണ് നിറച്ചുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്‍റെ കൈ കൊണ്ട് മണ്ണ് ചാക്കുകൾ കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണിരുന്നു. തൊഴിലാളികൾ ഉച്ചഭക്ഷണത്തിന് പോയ സമയത്തായിരുന്നു സംഭവം. മേൽപാലത്തിന് 90 പൈലുകളാണ് നിർമിക്കുന്നത്. മേൽപാലത്തിന്‍റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. സമീപന റോഡുകൾക്ക് 90 മീറ്റർ നീളവുമുണ്ടാകും. ഇരുവശത്തുമായി 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുകളും നിർമിക്കും. 23 സ്പാനുകളാണ് പാലത്തിനുള്ളത്. സ്വകാര്യ ബസ്​സ്റ്റാൻഡിന് വടക്കുവശത്ത് പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേൽപാലം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. ജില്ല ആസ്ഥാനത്തെ ആദ്യ മേൽപാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കും. . Pholo .. ഭാരം പരിശോധിക്കാൻ ചാക്കിൽ മണ്ണ് നിറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.