വിലവർധന സ്കൂൾ വിപണിയിലും

സ്കൂൾ വിപണി സജീവമാകുന്നു പന്തളം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ടുവർഷത്തിനുശേഷം സ്കൂൾ വിപണി സജീവമായി. നോട്ട്ബുക്ക്, ബാഗ്, കുട, യൂനിഫോം തുടങ്ങിയവക്ക്​ നെട്ടോട്ടത്തിലാണ്​ രക്ഷിതാക്കളും കുട്ടികളും. കോവിഡ് രോഗവ്യാപനത്തിനെ തുടർന്ന് നിശ്ചലമായിരുന്ന വിദ്യാലയങ്ങൾ പൂർണതോതിൽ സജ്ജമാക്കാൻ അടുത്തമാസം ഒന്നിന് സ്കൂളുകൾ തുറക്കും. ഇപ്പോൾ വൈകുന്നേരത്തോടെ സ്കൂൾ വിപണിയിലേക്ക് രക്ഷിതാക്കളും കുട്ടികളും ഒന്നിച്ച് എത്തുന്നത്​ തിരക്ക് വർധിക്കുന്നു. കോവിഡ് പ്രതിസന്ധിക്കുശേഷം ഈ കാഴ്ച വിപണിക്ക് ഉണർവ്​ നൽകുന്നതാണെന്ന് വ്യാപാരികൾ പറയുന്നു. മഴ നേരത്തേ തുടങ്ങിയതോടെ കുട വിപണിയിലാണ് ആദ്യം തിരക്കേറിയത്. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകളോടാണ് കുട്ടികൾക്ക് കൂടുതൽ പ്രിയം. ചെറിയ കാലൻകുടക്കും ഇഷ്ടക്കാർ ഏറെയുണ്ട്. എല്ലാ മേഖലകളിലെയും വിലവർധന സ്കൂൾ വിപണിയിലും ദൃശ്യമാണ്. ബുക്കിനും ബാഗിനും പേനയ്ക്കുമെല്ലാം വിലവർധന ഉണ്ടായിട്ടുണ്ട്. പേപ്പറിന് വിപണിയിൽ വില വർധിച്ചതിനാൽ ബുക്കുകളുടെ വില അഞ്ചു മുതൽ ഏഴുരൂപ വരെ വർധിച്ചിട്ടുണ്ട്. പേപ്പറിന്‍റെ ലഭ്യത കുറവായതിനാൽ വിപണിയിൽ ബുക്കുകളുടെ കുറവും പ്രകടമാണ്. വരും ദിവസങ്ങളിൽ നോട്ട്ബുക്ക് ക്ഷാമം കൂടുമെന്ന ആശങ്ക ചില കച്ചവടക്കാർ പങ്കുവെക്കുന്നു. 40 രൂപ ആയിരുന്ന നൂറു പേപ്പർ അടങ്ങിയ കവറിന് 50 രൂപയായി വർധിച്ചു. ബുക്ക് പൊതിയുന്ന പേപ്പറിന്‍റെ വില 60 രൂപയിൽനിന്ന്​ 90 രൂപയായും എ ഫോർ സൈസ് പേപ്പറിന്‍റെ വില 230ൽനിന്ന്​ 260 രൂപയായും വർധിച്ചു. യൂനിഫോം തുണിത്തരങ്ങൾക്കും മീറ്ററിന് 20 മുതൽ 40 രൂപവരെ വർധിച്ചിട്ടുണ്ട്. പേനകൾക്കും വിലവർധിച്ചു. അഞ്ചു രൂപയുടെ പേനയ്ക്ക് എട്ടുരൂപയായി. പേനകളുടെ ജി.എസ്.ടി 12ൽനിന്ന്​ 18 കുതിച്ചിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ ബാഗുകൾക്കും വിലവർധനയുണ്ട്. തയ്യൽക്കടകളിൽ യൂനിഫോമുകളുടെ തയ്യൽ തകൃതിയായി നടക്കുന്നു. പതിവുതെറ്റിച്ച്​ പല കടകളും ഞായറാഴ്ചയും തുറന്നുപ്രവർത്തിച്ചു. എന്നാൽ, വലിയ വിഭാഗം രക്ഷിതാക്കൾ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്​. മുൻകാലത്തെപ്പോലെ സൗജന്യ പഠനോപകരണ വിതരണവുമായി വിവിധ സംഘടനകൾ രംഗത്തെത്താത്തത്​ പാവങ്ങൾക്ക്​ വലിയ തിരിച്ചടിയായിട്ടുണ്ട്​. ------ ഫോട്ടോ: പന്തളത്ത് കടകളിൽ സ്കൂൾ ബാഗുകൾ തൂക്കിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.