അഞ്ജുമോൾ
മണ്ണാര്‍ക്കാട്: യുവതിയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയം അയര്‍നെല്ലി വെള്ളിമഠം ജയ്മോന്റെ മകള്‍ അഞ്ജുമോളാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് എളമ്പുലാശ്ശേരി വാക്കടപ്പുറം ആച്ചീരി യുഗേഷിനെ (34) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. വീടിന് സമീപത്തെ ചെങ്കല്‍ ക്വാറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
യുഗേഷ്
ബുധനാഴ്ച രാത്രി പത്തിനുശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം യുഗേഷ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഭർത്താവ് നിരന്തരം വഴക്കിട്ടതിനെതുടർന്ന് മാനസികബുദ്ധിമുട്ട് നേരിട്ടിരുന്ന അഞ്ജു കുറച്ച് ദിവസം പറളിയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു. ബുധനാഴ്ചയാണ് തിരിച്ചെത്തിയത്.
താൻ കഴുത്തില്‍പ്പിടിച്ച് തള്ളിയപ്പോൾ അഞ്ജു സമീപത്തെ ചെങ്കല്‍ ക്വാറിയിലേക്ക് വീണെന്നാണ് യുഗേഷ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി മണ്ണാർക്കാട് സി.ഐ എം.ബി. രാജേഷ് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഒരു വയസ്സുള്ള കുട്ടിയുണ്ട്. ഇവർ മാസങ്ങളായി വാക്കടപ്പുറത്തെ വാടകവീട്ടിലാണ് താമസം. ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.