വാച്ചറുടെ തിരോധാനം: 17 ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽതപ്പി അന്വേഷണ സംഘം

അഗളി: സൈലന്‍റ്വാലിയിൽനിന്ന് കാണാതായ വാച്ചർ രാജനെ സംബന്ധിച്ച് 17 ദിവസം പിന്നിടുമ്പോഴും വിവരമൊന്നുമില്ല. 1200 പേരാണ് ഇയാൾക്കായി സൈലന്‍റ്വാലി വനമേഖലയിൽ തിരച്ചിൽ നടത്തിയത്. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല എന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയ വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് ഇയാൾക്കായി കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. വയനാട്ടിൽ നിന്നെത്തിയ വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിൽ വനംവകുപ്പ് അവസാനിപ്പിച്ചു. നിലവിൽ അഗളി ഡിവൈ.എസ്.പി മുരളീധരന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബപരമായ കാരണങ്ങൾ കൊണ്ട് രാജൻ മാറിനിൽക്കുന്നതായുള്ള സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്.

എന്നാൽ, ഇതിന് സ്ഥിരീകരണമായിട്ടില്ല. രണ്ടുവർഷമായി ഇയാൾ ഭാര്യയുമായി അകന്നാണ് കഴിയുന്നത്. തമിഴ്നാട് നീലഗിരി ഭാഗത്തോട് ചേർന്നുള്ള വനമേഖലയിൽ സ്ഥാപിച്ച കാമറകളുടെ സഹായത്തോടെയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതിനായി തമിഴ്നാട് വനം വകുപ്പിന്‍റെ സഹായവും ഉപയോഗപ്പെടുത്തുന്നു. രാജന്‍റെ ഭാര്യയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. മഹാരാഷ്ട്രയിലാണ് ഇതുള്ളതെന്നാണ് ലഭ്യമായ വിവരം. രാജനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയ രാജന്‍റെ ഭാര്യ അടുത്തിടെ തിരികെ വന്നുവെങ്കിലും മക്കളുടെ എതിർപ്പുമൂലം തിരികെ പോകേണ്ടി വന്നിരുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പാലക്കാട് എസ്.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അവലോകന യോഗം ചേർന്നിരുന്നു. രാജനെ വന്യമൃഗങ്ങൾ ആക്രമിക്കുകയോ മാവോവാദികൾ തട്ടിക്കൊണ്ടുപോകുകയോ ഉണ്ടായിട്ടില്ല എന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായിട്ടുള്ളത്.

Tags:    
News Summary - Watcher's disappearance: 17 days later Investigation team in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.