പാലക്കാട്: വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. പലപ്പോഴും പൊലീസ് പരുഷമായി പെരുമാറുന്നുണ്ടെന്ന് പരാതികളിൽനിന്നും വ്യക്തമാകുന്നതെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പരിശോധന സമയത്ത് വാഹനത്തിന്റെ രേഖകളുടെയോ, ലൈസൻസിന്റെയോ പകർപ്പ് മാത്രമാണ് ഹാജരാക്കുന്നതെങ്കിൽ വാഹനം പിടിച്ചുവക്കരുതെന്ന് കമീഷൻ നിർദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകളുടെ അസ്സൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരിശോധന വേളയിൽ രേഖകൾ ഇല്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ പാടില്ലെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ലംഘിച്ചതിനെതിരെ പൊതുപ്രവർത്തകനായ മാങ്കാവ് സ്വദേശി റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.
ആനക്കല്ലിൽ പട്ടികവർഗ ദമ്പതികളുടെ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് പരാതി സമർപ്പിച്ചത്.
എന്നാൽ വാഹനത്തിന് ഇൻഷുറൻസും ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് നടപടി നിയമാനുസൃതമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.