കുളപ്പുള്ളി തൃപ്പുറ്റ
താലപ്പൊലിയോടനുബന്ധിച്ച്
നടന്ന കൂട്ടി എഴുന്നള്ളിപ്പ്
ഷൊർണൂർ: പൂരപ്രേമികളുടെ കണ്ണിലും കാതിലും മനസ്സിലും കുളിര് കോരിയിട്ട് തൃപ്പുറ്റ താലപ്പൊലി ആഘോഷിച്ചു. തലയെടുപ്പുള്ള ഗജവീരൻമാർ, ഇണക്കാളകൾ, വേഷാഘോഷം, പൂതൻ, തിറ, ചെണ്ടമേളം, പഞ്ചവാദ്യം, എന്നിങ്ങനെ വൈവിധ്യമാർന്ന കലാരൂപങ്ങൾ സമ്മേളിച്ച പൂരം വർണങ്ങൾ കോരിച്ചൊരിഞ്ഞതായി.
പുലർച്ച നടതുറന്ന് വിശേഷാൽ പൂജകളോടെ ആരംഭിച്ച ആഘോഷങ്ങൾ വൈകീട്ട് വിവിധ ഭാഗത്തെ വേലകൾ പാട്ടുകണ്ടത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പാരമ്യതയിലേക്ക് നീങ്ങി.ഇവിടെ അണിനിരന്ന ഇണക്കാളകൾ ഓരോന്നായി ക്ഷേത്രത്തിലേക്ക് നീങ്ങി. തുടർന്ന് വേലകൾ പാട്ടുകണ്ടത്തിൽ സമ്മേളിച്ച് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. ശേഷം തിടമ്പ് വെച്ച ആനകൾ തിരുമുറ്റത്തെത്തി പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ വലം വെച്ചിറങ്ങി. പകൽ പൂരത്തിന് സമാപനം കുറിച്ച് നടന്ന വെട്ടിക്കെട്ട് വർണ വിസ്മയം തീർത്തു.
വൈകീട്ട് ഏഴരക്ക് ഗാനമേള അരങ്ങേറി. ക്ഷേത്രാങ്കണത്തിൽ ആകാശ് കൃഷ്ണന്റെ തായമ്പകയും മണ്ണാർക്കാട് മോഹനന്റെയും അച്ചുവിന്റെയും ഡബിൾ തായമ്പകയുമുണ്ടായി. തുടർന്ന് കൊമ്പ് പറ്റ്, കുഴൽപറ്റ്, മദ്ദളകേളി എന്നിവയുണ്ടായി. പുലർച്ച താലം കൊളുത്തി എഴുന്നള്ളിപ്പിന് ശേഷം ആഘോഷത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.