പിരായിരി കൊടുന്തിരപ്പുള്ളി-കല്ലേക്കാട് റോഡിൽ മാലിന്യം തള്ളിയ നിലയിൽ
പിരായിരി: മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്തതിനാൽ പിരായിരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും ലോഡ് കണക്കിന് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.
ജനവാസ കേന്ദ്രങ്ങളിൽ വരെ മാലിന്യം അലക്ഷ്യമായി തള്ളുന്നതിനാൽ ദുരിതത്തിലായത് നാട്ടുകാരാണ്. പാലക്കാട് നഗരസഭയോട് ചേർന്നു കിടക്കുന്നതിനാൽ ജനം തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണെന്ന പ്രത്യേകതകൂടി പിരായിരിക്കുണ്ട്. അതിനാൽ തന്നെ മാലിന്യത്തിന്റെയും പാഴ് വസ്തുക്കളുടെയും അളവ് മറ്റു പഞ്ചായത്തുകളുടേതിനേക്കാൾ
ഇരട്ടിയാണ്.
പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് മാലിന്യം വ്യാപകമായി തള്ളുന്നത്. പഞ്ചായത്തിലെ 17ാം വാർഡിൽ കൊടുന്തിരപ്പുള്ളിയിൽ നിന്ന് സംസ്ഥാന പാതയിൽ കല്ലേക്കാട്ടേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഒരു ആശുപത്രിയും ഇതേ പ്രദേശത്താണ്.
ദിനേന നൂറുക്കണക്കിന് രോഗികൾ ആശുപത്രിയിലേക്കെത്തുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം മലപോലെ കുന്നുകൂടിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് സ്ഥിരമായ സംവിധാനം ഒരുക്കി രോഗഭീതിയിൽനിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.