നിർമാണം നടക്കുന്ന മലമ്പുഴ റിങ് റോഡിലെ ഉരുക്കുപാലം
പാലക്കാട്: മലമ്പുഴ നിവാസികളുടെ ചിരകാലസ്വപ്നമായ മലമ്പുഴ റിങ് റോഡ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. റിങ് റോഡ് പൂര്‍ത്തിയാവുന്നതോടെ 32 കിലോമീറ്റര്‍ വരുന്ന മലമ്പുഴ മുതല്‍ അക്കരപ്രദേശം വരെയുള്ള ദൂരം അഞ്ച് കിലോമീറ്ററായി ചുരുങ്ങും. മലമ്പുഴ അണക്കെട്ട് മുതല്‍ പൂക്കുണ്ട് വരെയും തോണിക്കടവ് മുതല്‍ തെക്കേ മലമ്പുഴ വരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഉരുക്കുപാലം.
മലമ്പുഴ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ചെറുപുഴക്ക് കുറുകെ നിര്‍മിക്കുന്ന ഉരുക്കുപാലം സംസ്ഥാനത്ത് ആദ്യത്തേതാണ്. കിഫ്ബി ഫണ്ടില്‍ 37.76 കോടി രൂപ മുടക്കിയാണ് പാലം നിര്‍മാണം. 10 മീറ്റര്‍ വീതിയും 34.7 മീറ്റര്‍ നീളവുമുണ്ടാകും. എലിവാല് മുതല്‍ 555 മീറ്ററും തെക്കേ മലമ്പുഴ മുതല്‍ 327 മീറ്ററും അനുബന്ധ പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല.
ചെന്നൈയിലെ ജാസ്മിന് കമ്പനിയാണ് ഉപ കരാറെടുത്ത് പണി നടത്തുന്നത്. ചെറുപുഴക്ക് കുറുകെ എട്ട് തൂണ് നിര്‍മിച്ച് മുകളില്‍ സ്പാനുകള്‍ വെക്കുന്നത് ത്വരിതഗതിയിലായി. നാലു മാസത്തിനകം മുഴുവന്‍ പണിയും പൂര്‍ത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പാലം പണി പൂര്‍ത്തിയാവുന്നതോടെ വെള്ളെഴുത്താന്‍പൊറ്റ കൊല്ലംകുന്ന്, എലിവാല്, കിളിയകാട്, പൂക്കുണ്ട്, വലിയകാട് വരെയുള്ളവര്‍ക്ക് വാഹനത്തില്‍ വേഗത്തില്‍ മലമ്പുഴയെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.