പാലക്കാട്: ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് തുടങ്ങിയിട്ടും സപ്ലൈക്കോ നെല്ല് സംരണം ചർച്ചകളിൽ മാത്രം. അധികൃതരുടെ മെല്ലെപോക്കു നയവും ദീർഘവീക്ഷണമില്ലായ്മയും സംഭരണം ഈ പ്രാവശ്യവും അനിശ്ചിതത്തിലാക്കി. ഒക്ടോബർ ഒന്നു മുതലാണ് രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം ആരംഭിക്കുന്നത്.
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംഭരണം സെപ്തംബറിൽ ആരംഭിക്കണമെന്ന കർഷക മുറവിളിയെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ട് 2019 സെപ്തംബർ മുതൽ സംഭരണം തുടങ്ങാൻ അനുമതി നല്കിയത്. സെപ്തംബറിൽ കൊയ്ത്ത് തുടങ്ങുമെന്ന് ജില്ല ഭരണകൂടത്തിനും സർക്കാറിനും വ്യക്തമായി അറിയാമായിരുന്നിട്ടും ബന്ധപ്പെട്ട വകുപ്പുകളെ വിളവെടുപ്പ് തുടങ്ങുമ്പോഴേക്കും സജ്ജമാക്കുന്നതിന് പകരം സർക്കാറും വിവിധ വകുപ്പുകളും പതിവ് നാടകവുമായി ഇറങ്ങിയിരിക്കുകയാണ്.
കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്ന മില്ലുടമകൾ കഴിഞ്ഞ ആഴ്ച സപ്ലൈകോ എം.ഡിയുമായി നടത്തിയ ചർച്ചയിൽ തീരുമാനകാതെ പിരിഞ്ഞു. കൈകാര്യ ചിലവ്, സംഭരിച്ച നെല്ലിന് തിരികെ നൽകുന്ന അരിയുടെ അളവ്, തുടങ്ങി പ്രധാനമായും 13 അവശ്യങ്ങളാണ് മില്ലുടമകൾ സർക്കാറിനോട് ആവശ്യപ്പെടുന്നത്. മാത്രമല്ല, ചില വിഷയങ്ങളിൽ കേന്ദ്രാനുമതിയും ആവശ്യമാണ്. എന്നിട്ടും അധികൃതർക്ക് ഈ വിഷയത്തിൽ ദീർഘവീക്ഷണത്തോടെ വിഷയത്തെ സമീപക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ട് നെല്ല് വില കൊടുക്കുന്നതിന് സഹകരണമേഖലയെ ഉൾപ്പെടുത്തതിന് ചർച്ച നടത്തി. തീരുമാനത്തിലെത്താൻ ഇനിയും ഏറെകാത്തിരിക്കണം. സപ്ലൈക്കോയുടെ മനപൂർവമുള്ള മെല്ലെപ്പോക്കാണ് ഇതിനല്ലാം കാരണമെന്ന് കർഷകർക്ക് പരാതിയുണ്ട്. ജില്ലയിൽ പലയിടത്തും കൊയ്ത്ത് ആരംഭിച്ചു.
ഒപ്പം മഴകൂടി എത്തിയതോടെ കൊയ്തെടുത്ത നെല്ല് എങ്ങനെ ഉണക്കി സുക്ഷിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കരാർ ഒപ്പിടൽ, പാടശേഖരങ്ങളുടെ അലോൻറ്മെൻറ്, ചാക്ക് നൽകൽ തുടങ്ങിയ വിഷയങ്ങളിൽ തുടങ്ങി കർഷകരുടെ പക്കിൽനിന്ന് സംഭരണം തുടങ്ങാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവരും. ഈർപ്പമുള്ള നെല്ല് കൂട്ടിയിട്ടാൽ പെട്ടെന്ന് മുള വന്ന നശിക്കും. ഇതോടെ കുറഞ്ഞ വിലക്ക് നെല്ല് വിറ്റൊഴിക്കാൻ നിർബന്ധിതിരാകുന്ന സ്ഥിതിയാണ് ജില്ലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.