പാലക്കാട്: അട്ടപ്പാടിയിൽ മൂപ്പിൽ നായർ ഭൂമി കൈമാറ്റം തടഞ്ഞ്, മിച്ചഭൂമിയായി ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയതായി പാലക്കാട് ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി. അതിന്റെ ഭാഗമായാണ് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ മണ്ണാർക്കാട് മൂപ്പൻ നായരുടെ പേരിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും കൈമാറ്റവും തടഞ്ഞത്. 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരമെടുത്ത നടപടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭൂമി വിൽപന സംബന്ധിച്ച ‘മാധ്യമം’ വാർത്തയെതുടർന്നായിരുന്നു പ്രതികരണം. മണ്ണാർക്കാട്ടെ നാടുവാഴിയായിരുന്ന മൂപ്പിൽ നായരുടെ ഭൂമി രാജ്യം സ്വതന്ത്രമായതോടെ സർക്കാർ ഭൂമിയായി മാറണമായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലായി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഈ ഭൂമിയിൽനിന്ന് മിച്ചഭൂമിയായി വിതരണം ചെയ്തിട്ടില്ല. മിച്ചഭൂമിയായി മൂപ്പിൽ നായരുടെ പേരിൽ ആയിരം ഹെക്ടറിലധികം ഭൂമി അട്ടപ്പാടിയിലുണ്ട്. ആറു വില്ലേജുകളിലായി എത്ര ഭൂമിയുണ്ടെന്നത് ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണ്.
സാധാരണ മിച്ചഭൂമിയായി ഏറ്റെടുത്തശേഷമാണ് ഗവ. പുറമ്പോക്കായി മാറുന്നത്. അതിനുള്ള നടപടികളാണ് തുടങ്ങിയത്. ഈ നടപടി അട്ടപ്പാടി താലൂക്കിലെ മൂപ്പിൽ നായരുടെ പേരിലെ മുഴുവൻ തണ്ടപ്പേരുകളെയും ഉൾക്കൊള്ളുന്നതാകും. രജിസ്ട്രേഷൻ പൂർത്തിയായ മൂപ്പിൽ നായർ വക ഭൂമി സംബന്ധിച്ച പരിശോധന നടത്തണമെന്ന് രജിസ്ട്രേഷൻ ഐ.ജിയോട് ആവശ്യപ്പെടുമെന്നും കലക്ടർ അറിയിച്ചു.
മൂപ്പിൽ നായരുടെ പേരിൽ 13,000 ഏക്കറിലധികം ഭൂമി കണ്ടെത്തിയിരുന്നെന്ന് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ 13,000 ഏക്കറിലധികം ഭൂമി 2010ൽ കണ്ടെത്തിയിരുന്നെന്ന് റിപ്പോർട്ട്. വില്ലേജുകളിലെ എ ആൻഡ് ബി രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനംവക എന്ന രേഖപ്പെടുത്തിയ ഭൂമി കണ്ടെത്തിയത്. ജില്ല കലക്ടർ 2010 ആഗസ്റ്റ് 18ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ ഭൂമിക്ക് മണ്ണാർക്കാട് മൂപ്പിൽ നായർ നികുതിയടച്ചതായി രേഖയില്ല. ബാലഗോപാലപ്പണിക്കരുടെ പേരിലുള്ളത് ഒഴികെ അട്ടപ്പാടി പ്രദേശത്തെ ഭൂമി മണ്ണാർക്കാട് നായരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഒരു ഭൂപരിഷ്കരണ നിയമ കേസിലും ഉൾപ്പെട്ടിട്ടില്ല. ബാലഗോപാലപ്പണിക്കരുടെ പേരിലുള്ളതിലും കോട്ടത്തറ വില്ലേജിലെ സ്ഥലം ഉൾപ്പെട്ടിട്ടില്ല.
വിവിധ വില്ലേജുകളിൽ മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമിയുടെ കണക്കെടുക്കാനാണ് കലക്ടർ എം.എസ്. മാധവിക്കുട്ടി കഴിഞ്ഞ ദിവസം വീണ്ടും നിർദേശം നൽകിയത്. അവസാനത്തെ മൂപ്പിൽ സ്ഥാനിയായ താത്തുണി നായർ 1960 ജനുവരി മൂന്നിനാണ് അന്തരിച്ചത്. അതിനുശേഷം ഒറ്റപ്പാലം സബ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് റിസീവറാണ് മൂപ്പിൽ സ്ഥാനിയുടെ സ്വത്തുക്കളുടെ ഭരണം നടത്തിയിരുന്നത്. തറവാട്ടിലെ ഭാഗവ്യവഹാരത്തിലെ വിധിപ്രകാരം മരണത്തിനുമുമ്പ് നൽകിയിരുന്ന ലീസ് ആധാരങ്ങൾ അസാധുവാണെന്ന് കാണിച്ച് ശശീന്ദ്രൻ ഉണ്ണി 2010ൽ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിക്കും അപേക്ഷ സമർപ്പിച്ചു. അതെല്ലാം നിയമസെക്രട്ടറിയുടെ നിയമോപദേശപ്രകാരം റവന്യൂ വകുപ്പ് തള്ളി.
അതേസമയം, മറ്റ് ഒമ്പത് മിച്ചഭൂമി കേസുകൾ 2010ൽ നിലവിലുണ്ടായിരുന്നു. കോട്ടത്തറ പഴനി സ്വാമി നായിഡു -79.24 ഏക്കർ, കോട്ടത്തറ ശോഭ എസ്റ്റേറ്റ് -254.41, കള്ളമല ക്രിസ്തു ശിഷ്യസംഘം -475, അഗളി പി.വി. തമ്പി- 29.68, ഷോളയൂർ ടി.കെ. സാമുവൽ -32.66, ഷോളയൂർ ബാലഗോപാലപ്പണിക്കർ- 308, അഗളി കല്ലുവേലിൽ ദേവസ്യ- 19.48, കോട്ടത്തറ ഭവാനി ടീ പ്രൊഡ്യൂസിങ് കമ്പനി 407 ഏക്കർ എന്നിങ്ങനെയാണ് മിച്ചഭൂമി ഏറ്റെടുക്കേണ്ടവരുടെ ലിസ്റ്റ്. ആദിവാസികളുടെ ഭൂമി ഇനിയും അന്യാധീനപ്പെടാതിരിക്കാൻ ആദിവാസികളുടെ ഭൂമി ഉൾപ്പെട്ട പ്രദേശമെല്ലാം ഭൂമി മലയാളം പദ്ധതിയിലുൾപ്പെടുത്തി സർവേ ചെയ്ത് രേഖകൾ തയാറാക്കിനൽകണമെന്നായിരുന്നു അന്നത്തെ ശിപാർശ. ഭൂമി സംബന്ധിച്ച രേഖകൾ ആദിവാസികൾക്ക് നൽകണം. ഇവ ബന്ധപ്പെട്ട റവന്യൂ ഓഫിസിലും സബ് രജിസ്ട്രാർ ഓഫിസിലും ട്രൈബൽ ഡെവലപ്മെന്റ് ഓഫിസിലും സൂക്ഷിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.