പാലക്കാട്: കഴിഞ്ഞ ആറുവർഷം ജില്ലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 1847 ജീവനുകൾ. 2019 മുതൽ 2024 സെപ്റ്റംബർ വരെയുള്ള മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണക്കുപ്രകാരമാണിത്. 13,824 വാഹനാപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. 15,129 പേർക്ക് പരുക്കേറ്റു. അപകടങ്ങളിൽ പെട്ട് 2019ൽ 407 പേർ മരിച്ചപ്പോൾ 2020ലും 2021ലും യഥാക്രമം 267, 271 പേരാണ് മരിച്ചത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മരണനിരക്കിൽ വർധനവുണ്ടായി. ഈ വർഷം സെപ്റ്റംബർ വരെ 232 പേരാണ് മരിച്ചത്.
കോവിഡ് കാലത്ത് മാത്രമാണ് അപകടങ്ങളിലും മരണനിരക്കിലും കുറവുള്ളത്. കഴിഞ്ഞ ആറുവർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് 2023ൽ ആണ്. 2960 അപകടങ്ങളാണ് ആ വർഷം ഉണ്ടായത്. 324 പേർ മരിക്കുകയും 3210 പേർക്ക് പരുക്കുപറ്റുകയും ചെയ്തു. ആറുവർഷത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പരുക്കേറ്റതും കഴിഞ്ഞവർഷമാണ്.
ഈ വർഷം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത് ജനുവരിയിലാണ്-296 എണ്ണം. കുറവ് ജൂലെെയിലാണ്-201. അപകടങ്ങളിൽ പെട്ട് മാർച്ച് മാസത്തിൽ 41 പേർ മരിച്ചതാണ് ഈ വർഷത്തെ ഉയർന്ന കണക്ക്. അമിതവേഗതയും ട്രാഫിക് നിയമലംഘനങ്ങളും മറ്റുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
ഇരുചക്രവാഹനങ്ങളും അധികവും അപകടങ്ങളിൽ പെടുന്നത്. അപകടങ്ങളുടെ തോത് കുറയ്ക്കാനായി ട്രാഫിക് ബോധവൽക്കരണം ഉൾപ്പെടെ നിരവധി പരിപാടികൾ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെങ്കിലും അപകടങ്ങൾ ആവർത്തിക്കുകയാണ്.
അമിതവേഗത, അശ്രദ്ധമായ ഡ്രെെവിങ് തുടങ്ങിയവ നിരത്തുകളിൽ ജീവൻ പൊലിയുന്നതിന് കാരണമാകുന്നു. കഴിഞ്ഞദിവസം കല്ലടിക്കോട് ഉണ്ടായ കാർ അപകടത്തിന് കാരണം അമിതവേഗതയും അശ്രദ്ധയുമാണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.