പാലക്കാട്: ജില്ലയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും എൻ.ഡി.എക്കും തലവേദനയായി വിമതശല്യം. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകും മുമ്പേ ഘടക കക്ഷികൾക്ക് നൽകിയ മണ്ഡലത്തിൽ തലപൊക്കിയ വിമതശല്യം യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി. മലമ്പുഴ മണ്ഡലം യു.ഡി.എഫ് ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിന് നൽകിയതാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിച്ചത്.
അഡ്വ. ജോൺ ജോൺ ഇവിടെ മത്സരിക്കാൻ തയാറായെങ്കിലും കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മണ്ഡലം കോൺഗ്രസ് തിരികെ എടുക്കാൻ തീരുമാനിച്ചു. മണ്ഡലം ഘടക കക്ഷിക്ക് നൽകിയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ ആരോപിച്ചു. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എ.വി. ഗോപിനാഥും ഈ വിഷയത്തിൽ കടുത്ത വിമർശനമാണ് ഉയർത്തിയത്.
സംവരണ മണ്ഡലമായ കോങ്ങാടും പ്രതിഷേധമുണ്ട്. 2016ൽ കോൺഗ്രസ് മത്സരിച്ച ഇവിടെ ഈപ്രവാശ്യം മുസ്ലിം ലീഗിലെ യു.സി. രാമനാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ പലയിടത്തും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. പട്ടാമ്പി, ഒറ്റപ്പാലം, പാലക്കാട് എന്നിവടങ്ങളിലും പലരും തങ്ങളാണ് സ്ഥാനാർഥിയെന്ന് സ്വയം പ്രഖ്യാപിച്ച് അണിയറയിൽ പ്രവർത്തനങ്ങൾ തുടങ്ങി. സി.എം.പിക്ക് നൽകിയ നെന്മാറ മണ്ഡലത്തിലും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
സംവരണ മണ്ഡലമായ തരൂരിൽ സി.പി.എം സ്ഥാനാർഥിക്കെതിരെയും പ്രതിഷേധമുണ്ട്. മണ്ഡലത്തിലെ പി.കെ.എസ് നേതാവ് പൊന്നുകുട്ടനെ പരിഗണിക്കാത്തതിനെതിരെയാണ് പ്രവർത്തകരിൽ പ്രതിഷേധം പുകയുന്നത്. 2016ലും പൊന്നുകുട്ടെൻറ പേര് സ്ഥാനാർഥിപ്പട്ടികയിലേക്ക് പരിഗണിച്ചെങ്കിലും അവസാന ഘട്ടത്തിൽ ഒഴിവാക്കി. കോങ്ങാട് സി.പി.എമ്മിെൻറ അഡ്വ. കെ. ശാന്തകുമാരിക്കെതിരെയും മണ്ഡലത്തിലെ ചിലയിടത്ത് പ്രതിഷേധം പുകയുന്നുണ്ട്. കോങ്ങാട് മണ്ഡലത്തിലെ സി.പി.എം നേതാവ് ഒ.വി. സ്വാമിനാഥനെ പരിഗണിക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. തർക്കം തീർപ്പാവാത്തതിനാൽ ബി.ജെ.പിക്ക് സ്ഥാനാർഥികളായിട്ടില്ല. ബി.ജെ.പിയും ബി.ഡി.ജെ.എസും സീറ്റുകളെ ചൊല്ലി ഇടഞ്ഞുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.