പട്ടാമ്പിയിൽ നടന്ന പട്ടയ വിതരണത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു
പട്ടാമ്പി: റവന്യു ടവർ നിർമാണ പൂർത്തീകരണത്തിന് തടസ്സം ഹൗസിങ് ബോർഡിന്റെ ഉദാസീനതയാണെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പട്ടാമ്പിയിൽ സംഘടിപ്പിച്ച പട്ടയമേളയിൽ സംസാരിക്കുമ്പോഴാണ് എം.എൽ.എ സർക്കാർ വകുപ്പുകൾക്കെതിരെ തിരിഞ്ഞത്. ടവർ നിർമാണത്തിന് 25 തവണയെങ്കിലും ഹൗസിങ് ബോർഡുമായി ബന്ധപ്പെട്ട യോഗം നടത്തിയിട്ടുണ്ട്. റവന്യു വകുപ്പിലും നിരവധി മീറ്റിങ്ങുകൾ നടത്തിയിട്ടുണ്ട്. സ്ഥലം ലഭ്യമാക്കിക്കൊടുത്തു.
പ്ലാനും മറ്റു കാര്യങ്ങളും പ്ലാനിങ് ബോർഡാണ് കൈകാര്യം ചെയ്യുന്നത്. എല്ലാം ശരിയാക്കിയപ്പോഴും ഒരു പോസ്റ്റ് മാറ്റുന്നതുമായി സംബന്ധിച്ച് മാസങ്ങൾ നഷ്ടപ്പെടുത്തി. 30 കോടി രൂപയാണ് ടവറിനായി അനുവദിച്ചത്. റവന്യു ടവറുമായി ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു പ്രധാന വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് തടസ്സം സർക്കാർ വകുപ്പുകളാണ്. താലൂക്ക് ആശുപത്രിക്ക് 15 കോടി രൂപ അനുവദിച്ചു. റെയിൽവേയുടെ അനുമതി കിട്ടാത്തതിനാൽ കെട്ടിടം നിർമിക്കാനാവുന്നില്ല.
റെയിൽവേ അനുമതിയില്ലാതെ കെട്ടിടം പണി മുടങ്ങിയാൽ ബദലായി കാണുന്നത് റവന്യു ടവർ പൂർത്തിയാവുമ്പോൾ ഒഴിവാകുന്ന മിനി സിവിൽ സ്റ്റേഷനാണ്. മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന സൗകര്യങ്ങൾ ആശുപത്രി വിപുലീകരണത്തിന് ഉപയോഗിക്കാവുന്നതാണ്. ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടും ഉദ്യോഗസ്ഥതലത്തിലെ നിസ്സഹകരണം മൂലം പദ്ധതികൾക്ക് കാലതാമസം നേരിടുന്ന അവസ്ഥമാറണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
പട്ടാമ്പി: എല്ലാവർക്കും ഭൂമി നൽകുന്നതിന്റെ ഭാഗമായുള്ള പട്ടയമിഷൻ പ്രകാരം പട്ടാമ്പി മണ്ഡലത്തിൽ 104 പട്ടയങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മണ്ഡലംതല വിതരണം മന്ത്രി കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഓ.ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ആനന്ദവല്ലി, ടി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർ കെ. ബിന്ദു, തഹസിൽദാർ ടി.പി. കിഷോർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.