പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായുള്ള നഗര പ്രദക്ഷിണ ഘോഷായാത്ര മേലെ പട്ടാമ്പിയിൽ നിന്ന് ആരംഭിച്ചപ്പോൾ
മുസ്തഫ അബൂബക്കർ
പട്ടാമ്പി: നാദവർണ വിസ്മയങ്ങളാൽ നാടും നഗരവുമുണർത്തി നൂറ്റാണ്ട് പിന്നിട്ട് പട്ടാമ്പി ദേശീയോത്സവം. തലയെടുപ്പുള്ള അറുപതോളം ആനകളും ത്രസിപ്പിക്കുന്ന ബാൻഡ് വാദ്യവും ആവേശം നിറച്ചൊഴുകിയെത്തിയ ആയിരങ്ങളും കാഴ്ച വസന്തമൊരുക്കിയ ദേശീയോത്സവം അവിസ്മരണീയനുഭവമായി. ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ കൊണ്ടാടുന്ന നേർച്ച മത സൗഹാർദത്തിന്റെ ഉത്സവമായി ദേശീയോത്സവമായാണാഘോഷിക്കുന്നത്.
കേന്ദ്ര ആഘോഷ കമ്മിറ്റിയുടെ നിർദേശാനുസരണം ചുറ്റുവട്ടത്തുള്ള ഉപകമ്മിറ്റികൾ വൈവിധ്യമാർന്ന പരിപാടികളോടെ പങ്കാളികളായി. ഇൗ വർഷം 56 ഉപകമ്മിറ്റികളാണുണ്ടായിരുന്നത്. ഗാനമേളയും ഒപ്പനയും ദഫ് മുട്ടും ഡി.ജെയുമായി ശനിയാഴ്ച തന്നെ ആഘോഷരാവിന് തുടക്കമിട്ടിരുന്നു. നൂറുകണക്കിനാളുകൾ രാത്രിയെ പകലാക്കി കലാപരിപാടികൾക്ക് കണ്ണുംകാതും മനവുമർപ്പിച്ച് തെരുവുകൾ ചടുലമാക്കി.
ഞായറാഴ്ച രാവിലെ ബസ് സ്റ്റാൻഡിൽ സംഗമിച്ച് നേർച്ചയുടെ പാരമ്പര്യാവകാശികളെ ആനയിച്ച് കൊടിയേറ്റത്തിന് പുറപ്പെട്ടു. തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി, കേന്ദ്ര ആഘോഷ കമ്മറ്റി ഭാരവാഹികളായ മുരളീധരൻ വേളേരി മഠം, അലി പൂവ്വത്തിങ്കൽ, വി.കെ. കബീർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ തക്ബീർ വിളികളുടെ പശ്ചാത്തലത്തിൽ കൊടിയേറ്റം നടത്തി.
നൂറ്റിഒമ്പതാം നേർച്ചക്ക് നാന്ദികുറിച്ച് ആചാരവെടികൾ മുഴങ്ങിയതോടെ നഗരം ബാൻഡ് വാദ്യത്തിനും താളമേളങ്ങൾക്കും വഴിമാറി. വൈകീട്ട് നേർച്ചയിലെ പ്രധാനികളായ റാവുത്തർമാരും ആഘോഷ കമ്മറ്റികളും മേലെ പട്ടാമ്പി ജങ്ഷനിലെത്തി. തുടർന്ന് വി.കെ. ശ്രീകണ്ഠൻ എം.പി, കേന്ദ്ര നേർച്ചാഘോഷ കമ്മറ്റി ഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖർ എന്നിവരുടെ നേതൃത്വത്തിൽ നഗര പ്രദക്ഷിണ മത സൗഹാർദ സാംസ്കാരിക ഘോഷയാത്ര തുടങ്ങി.
ഗജവീരന്മാരും താളമേളങ്ങളുമായുള്ള ഘോഷയാത്രയെ ആശീർവദിക്കാൻ നഗരപാതക്കിരുവശത്തും കെട്ടിടങ്ങളിലും സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് ഒത്തുചേർന്നത്.ഘോഷയാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചതോടെ കണ്ണുകൾക്കാനന്ദമേകി ഗജസംഗമം നടന്നു.രാത്രി ഉപ ആഘോഷകമ്മറ്റികൾ പങ്കെടുത്ത സിനിമാറ്റിക്-ബാൻഡ് വാദ്യമത്സരത്തിനും വലിയ ജനക്കൂട്ടം സാക്ഷികളായി. പുലർച്ചെ കരിമ്പുള്ളിയിൽ നിന്നാരംഭിച്ച അപ്പപ്പെട്ടി വരവ് ജാറത്തിങ്കലെത്തിയതോടെ സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.