ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ തടങ്കലിൽ വെച്ചതിനെതിരെ പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നു
പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാത്തത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിനെതിരെ നഗരസഭ കൗൺസിൽ യോഗത്തിൽ ആരോപണം. സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നത് മോട്ടോർ വാഹന വകുപ്പിന് താൽപര്യമില്ലാത്തതു മൂലമാണെന്നാണ് ആരോപണം.
നിർമാണം പൂർത്തിയാക്കിയ സ്റ്റാൻഡ് വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും അനാവശ്യ ഉപാധികളിലൂടെ ഉദ്ഘാടനം വൈകിപ്പിക്കുന്ന എം.വി.ഡിയുടെ നിലപാടിനെതിരെ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.
സ്റ്റാൻഡിൽ സജ്ജീകരിക്കാനായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും ഇതിന്റെ പ്രവൃത്തി പൂർത്തിയായാൽ മാത്രമേ തുറന്നുകൊടുക്കാൻ സാധിക്കൂവെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു. നഗരത്തിലെ ട്രാഫിക് സംവിധാനങ്ങളെല്ലാം താറുമാറായി കിടക്കുകയാണെന്നും ഇത് പരിഹരിക്കാൻ കൗൺസിൽ പ്രമേയം പാസാക്കണമെന്നും ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. നഗരസഭയിൽ തെരുവുനായ്ക്കൾ വിലസുകയാണെന്നും നായ്ക്കളുടെ വർധനവ് തടയാൻ എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും കൗൺസിലിൽ ആവശ്യം ഉയർന്നു.
നഗരസഭ 15-ാം വാർഡിൽ അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാൻ വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം വന്ന ഡോഗ് ക്യാച്ചർ പിടികൂടിയ പേപ്പട്ടിയെ പ്രദേശത്ത് തന്നെ കൊണ്ടുവിട്ടെന്നും ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കൂടുതൽ നായ്ക്കളെ ഇവിടെ കൊണ്ടുവിട്ടെന്നും കൗൺസിലർ എം. ശശികുമാർ ആരോപിച്ചു. സംഭവത്തിൽ ഡോഗ് ക്യാച്ചർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
നഗരത്തിലെ തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു. മേലാമുറി അങ്ങാടിയിൽ പൊതുടാപ്പ് ഇല്ലെന്ന് പരാതിയിൽ പ്രദേശത്ത് വാട്ടർ എ.ടി.എം സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
വെണ്ണക്കര ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബൈൽ ടവറിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ എം. സുലൈമാൻ, സാജോ ജോൺ, മിനി ബാബു എന്നിവർ പ്ലക്കാർഡുയർത്തി പ്രതിഷേധമറിയിച്ചു.
ടി.ബി റോഡ്-ബി.ഒ.സി റോഡിൽ 2002ൽ നഗരസഭ ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതായും യോഗത്തിൽ ആരോപണമുയർന്നു. 1.15 കോടിയോളം രൂപ നൽകിയാണ് അന്ന് നഗരസഭ സ്ഥലം ഏറ്റെടുത്തത്. ഇതിൽ നാല് സെന്റോളം സ്ഥലം കൈയേറിയതായാണ് പ്രതിപക്ഷ കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അജണ്ട രേഖകൾ നഗരസഭയിൽ ഇല്ലെന്നും ഇവർ ആരോപിച്ചു. വിഷയം പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് ചെയർപേഴ്സൺ പ്രമീള ശശിധരനും വൈസ് ചെയർമാൻ ഇ. കൃഷ്ണദാസും യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.