പാലക്കാട്: നഗരസഭ പരിധിയിൽ 222 കുളങ്ങൾ ഉണ്ടെന്ന് രേഖകളിലുണ്ടെങ്കിലും നീർത്തട സർവേയിൽ കണ്ടെത്തിയത് നേർപകുതി. 37 വർഷങ്ങൾക്കുശേഷം പാലക്കാട് നഗരസഭ തയാറാക്കിയ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് ഉദ്യേഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019ൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 111 കുളങ്ങൾ മാത്രമാണ്. ബാക്കി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നികത്തി കെട്ടിടം നിർമിച്ചതായി കണ്ടെത്തിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതെല്ലാം നടന്നത് 2008 തണ്ണീർതട നിയമത്തിനു മുമ്പാണ് എന്നതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, സർവേയിൽ നേരിട്ട് കണ്ടതും ഡേറ്റ ബാങ്കിലുള്ളതും റവന്യൂ രേഖയിലുള്ളതുമെല്ലാം ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
റവന്യൂ അധികാരികളുടെ ഒത്താശയോടെ ഭൂമാഫിയകൾക്കുവേണ്ടി വ്യാപകമായി കുളം തരംമാറ്റൽ നടന്നിട്ടുണ്ടെന്നും കൈവശ അവകാശ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഇനിയുള്ള കുളങ്ങൾ സംരക്ഷിക്കാൻ സംവിധാനമുണ്ടാവണമെന്നും കൗൺസിലർ എം. സുലൈമാൻ പറഞ്ഞു.
കുളങ്ങൾ സംരക്ഷിക്കുന്നപോലെ തോടുകളും പുഴകളും കനാലുകളും ഡ്രൈനേജുകളും സംരക്ഷിക്കണമെന്നും ഇവയെല്ലാം പലതും സ്വകാര്യവ്യക്തികൾ കൈയേറിയതായും കൗൺസിലർമാർ പറഞ്ഞു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് 490 പരാതികൾ ലഭിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. എല്ലാ പാർട്ടികളിൽനിന്ന് തെരഞ്ഞെടുത്ത 11 അംഗ കമ്മിറ്റിയിൽ ചർച്ചചെയ്താണ് അന്തിമ രേഖ കൗൺസിൽ യോഗത്തേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞകുളം നികത്താൻ അനുമതി നൽകിയത് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയായിരുന്നെന്ന് മുതിർന്ന അംഗം ശിവരാജൻ പറഞ്ഞു. സ്വകാര്യ വ്യക്തികൾ കുളം നികത്തിയാൽ ഇനി മുതൽ കെട്ടിടം പണിയാൻ അനുമതി നൽകില്ലെന്ന തീരുമാനത്തിന് കൗൺസിൽ അംഗീകാരം നൽകി. കൽപാത്തി പുഴയോരത്ത് നിർമാണ പ്രവർത്തനം നടത്താൻ അനുമതി നൽകാമോ എന്നതിനെപ്പറ്റി പരിശോധിക്കുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. പ്രഭദാസ്, മൻസൂർ, ലക്ഷ്മണൻ, മീനാക്ഷി, എന്നിവർ സംസാരിച്ചു.
ജലാശയങ്ങൾ അപ്രത്യക്ഷമായത് അന്വേഷിക്കണം -വെൽഫെയർ പാർട്ടി
പാലക്കാട്: നഗരത്തിലെ തണ്ണീർത്തടങ്ങളിലുൾപ്പെട്ട 113 കുളങ്ങളും ജലാശയങ്ങളും അപ്രത്യക്ഷമായതിനെകുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും ഇത്തരം സ്ഥലങ്ങളിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി പാലക്കാട് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
224 ജലസ്രോതസ്സുകളിൽ നിലവിലുള്ളത് 111 എണ്ണം മാത്രമാണ്. മറ്റുള്ളവയൊക്കെ റവന്യു അധികാരികളുടെ ഒത്താശയോടെ വൻകിട ഭൂഉടമകൾക്കുവേണ്ടി തരം മാറ്റി. വേനലിൽ അതിശക്തമായ ചൂടനുഭവപ്പെടുന്ന പാലക്കാട് നഗരത്തിൽ ജല സ്രോതസ്സുകൾ മണ്ണിട്ടുനികത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മുനിസിപ്പൽ കമ്മിറ്റിയോഗം ചൂണ്ടിക്കാണിച്ചു. മുനിസിപ്പൽ പ്രസിഡന്റ് പി. അബ്ദുൽ ഹക്കീം, സെക്രട്ടറി സലിം, സീനത്ത് ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.