പാലക്കാട്: നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയായ 57 വയസ്സുകാരന്റെ സമ്പർക്കപട്ടികയിലുൾപ്പെട്ട രണ്ട് പേർ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഹെെറിസ്ക് കോൺടാക്ടിൽ ഉൾപ്പെട്ട കുടുംബാംഗവും ആരോഗ്യ പ്രവർത്തകയുമാണ് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ഐസൊലേഷനിൽ ചികിത്സയിലുള്ളതെന്ന് ജില്ല കലക്ടർ ജി. പ്രിയങ്ക പറഞ്ഞു. നിലവിൽ 112 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ജൂലൈ ആറിനാണ് കുമരംപുത്തൂർ സ്വദേശിക്ക് ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ ചികിത്സ തേടി. ഇതിനിടെ സുഹൃത്തുക്കളുടെ വീടുകളിലും സന്ദർശനം നടത്തി. ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹം പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിട്ടില്ല. സ്വകാര്യ വാഹനത്തിലും ബൈക്കിലുമായാണ് ആശുപത്രിയിൽ പോയത്.
ജൂലൈ 12ന് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം നിപ പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കരിച്ചത്. വീടിന്റെ മൂന്ന് കിലോ മീറ്റർ ദൂരത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെങ്കിലും രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവിൽ ചികിത്സയിലുള്ളവരുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് കലക്ടർ അറിയിച്ചു.
കുമരംപുത്തൂർ, കരിമ്പുഴ, കാരാക്കുർശ്ശി പഞ്ചായത്തുകളിലും മണ്ണാർക്കാട് നഗരസഭയിലുമായി 18 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. മണ്ണാർക്കാട് നഗരസഭയിലെ 24-ാം വാർഡ് പെരിമ്പടാരിയെ തിങ്കളാഴ്ച കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം, സാനിറ്റെെസേഷൻ എന്നിവ പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
മണ്ണാർക്കാട്: ചങ്ങലീരിയിൽ മരിച്ചയാൾക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മണ്ണാർക്കാട് നഗരസഭയിലെയും കുമരംപുത്തൂർ പഞ്ചായത്തിലെയും പ്രദേശങ്ങൾ പൂർണമായും അടച്ചു. മണ്ണാർക്കാട്ട് നാല് വാർഡുകളിലും കുമരംപുത്തൂരിൽ ഏഴ് വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും കാരാകുറുശ്ശി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമാണ് നിയന്ത്രണങ്ങൾ. മരിച്ചയാൾ സന്ദർശിച്ച പ്രദേശങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വിശദമായ റൂട്ട് മാപ് ജില്ല ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.
ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരെയെല്ലാം ക്വാറന്റെെൻ ചെയ്തു. പ്രദേശത്തെ പനി ബാധിതരെക്കുറിച്ചുള്ള കൂടുതൽ വിവര ശേഖരണം നടത്തിവരികയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ വീടിന് സമീപം വവ്വാലുകളുടെ കേന്ദ്രം കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഇദ്ദേഹത്തിന് അഗളിയിലുള്ള തോട്ടവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പ് സാധ്യതകൾ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.