കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ 11ാം വാർഡ് തിരുമിറ്റക്കോട് നാഗലശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുളിപ്പറമ്പ് - തെക്കേകര റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. റോഡിന്റെ തകർച്ചയെപ്പറ്റി പല തവണ മാധ്യമങ്ങളിൽ വാർത്തനല്‍കിയിരുന്നു.
ജില്ല, ഗ്രാമപഞ്ചായത്തുകളും ഏറ്റെടുത്ത് പണി പൂർത്തിയാക്കുമെന്ന് മുൻകാലങ്ങളിൽ പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല.
തിരുമിറ്റക്കോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ കരിങ്കൽ ക്വാറികളിൽ നിന്നുള്ള ടോറസ് ലോറികൾ ഈ പഞ്ചായത്ത് പാതയിലൂടെയാണ് ദിവസവും പോകുന്നത്.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് ഈ പാത പല കുറി നവീകരിച്ചതാണ്. എന്നാൽ, അനുവദനീയമായതിലും കൂടുതൽ ഭാരവുമായി ദിവസവും വലിയ വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെയാണ് തകര്‍ച്ചയും നാട്ടുകാരുടെ ദുരിതവും തുടങ്ങുന്നത്.
ഭാരമേറിയ വാഹനങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ല. ക്വാറി മാഫിയകളുമായി ഒത്തുകളി നടക്കുന്നതായും, യാത്രാസൗകര്യമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന ഈ ഗ്രാമത്തെ ശ്രദ്ധിക്കാൻ ആളില്ലാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
ഗ്രാമസഭകളിലും രണ്ട് പഞ്ചായത്തിലും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലും ജനങ്ങളുടെ ആവലാതികൾ ഉണ്ടെങ്കിലും പരിഹാരത്തിന് ആരും തയ്യാറാവുന്നില്ലെന്നതാണ് ആക്ഷേപം. തൃത്താല ബ്ലാക്ക് പഞ്ചായത്തിലെ പട്ടിക ജാതി കോളനിയിലേക്കുള്ള ഏക പാതയുംഇതാണ്. കൂടാതെ രണ്ടിലധികം പട്ടിക ജാതി കോളനികളും ഈ പാതയോരത്തുണ്ട്. നാഗലശ്ശേരി പഞ്ചായത്തിലുള്ള മാണിക്യാംകുന്ന്, തെക്കെകര ഭാഗങ്ങളിലുള്ളവരാണ് ഏറ്റവും നരകയാതന അനുഭവിക്കുന്നത്. ഈ പാതയിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച വിദ്യാർഥി കുഴിയിൽ വീണ് കാലിന്റെ എല്ലുകൾ പൊട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രായമുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനായി ആംബുലൻസ് പോലും വിളിച്ചാൽ വരുന്നില്ലെന്ന് നാട്ടുകാരനായ കെ.കെ. രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, വർഷക്കാലം കഴിഞ്ഞാൽ റോഡ് നേരെയാക്കാനുള്ള ഫണ്ട് അനുവദിക്കുമെന്നാണ് നാഗലശ്ശേരി പഞ്ചായത്ത് അധികൃതർ പറയുന്നത്. അതുവരെ ഈ ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോ മീറ്റർ അപ്പുറത്തുള്ള എൽ.പി സ്കൂളിലേക്കും എട്ടും പത്തും കിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രികളിലേക്കും പോകാനായി ഞങ്ങളെന്തു ചെയ്യുമെന്നാണ് തെക്കേകര, മാണിക്യാംകുന്ന്, അകിലാണം, കുട്ടോറക്കാവ് പ്രദേശത്തെ ജനം ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.