മുതലമട: മാവ് കർഷകർക്കുള്ള പരിശീലന പ്രചാരണം നാല് പഞ്ചായത്തുകളിൽ സജീവമാക്കണമെന്ന് കർഷകർ. മാവിനെ പരിപാലിക്കൽ എല്ലാ മാവ് കർഷകർക്കും കച്ചവടക്കാർക്കും ബോധവത്കരണം ലഭ്യമാക്കണമെന്ന് മാവ് കർഷകർ ആവശ്യപ്പെട്ടു. മുതലമട പഞ്ചായത്തിൽ ഉൾപ്പെടെ കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നി പ്രദേശങ്ങളിൽ മാവുകൾ പൂത്തു തുടങ്ങിയതോടെ തോട്ടങ്ങളിൽ കീടനാശിനി തോന്നിയ പോലെ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനായി കൃഷി വകുപ്പിന്റെ ബോധവത്കരണം സജീവമാക്കണമെന്ന ആവശ്യമാണ് ഉയർന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ മുതലമട കൃഷിഭവനു സമീപം മാവ് കൃഷി രീതികളെക്കുറിച്ച് കർഷകർക്ക് ക്ലാസ് നടത്തുകയാണ്. കാർഷിക സർവകലാശാല, കൃഷി വിജ്ഞാൻ കേന്ദ്രം എന്നിവ സംയുക്തമായി നടത്തുന്ന ക്ലാസിലേക്ക് കർഷകരെ എത്തിക്കാൻ സമഗ്രമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. മുതലമട പഞ്ചായത്തിൽ മാത്രം 700ൽ അധികർ മാവ് കർഷകരും പാട്ടകർഷകരും ഉള്ളതിനാൽ എല്ലാവരെയും ഉൾപ്പെടുത്തി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ക്ലാസ് നടത്തണമെന്നും, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളിലും സമാന രീതിയിൽ പരിശീലനം നൽകണമെന്നുമുള്ള ആവശ്യം കർഷകർക്കിടയിൽ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.