പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞുവരുന്നതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങി അണികളും നേതാക്കളും. പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് എത്തിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിതുടങ്ങി. യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ പാലക്കാട് മണ്ഡലചിത്രം തെളിയും.
പാലക്കാട്ട് എ. വിജയരാഘവനും, ആലത്തൂരിൽ കെ. രാധാകൃഷ്ണനും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഞായറാഴ്ച മുതൽ പാലക്കാട് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും.
എൽ.ഡി.എഫ് സ്ഥാനാർഥികൾ റോഡുഷോക്ക് ശേഷം മണ്ഡലങ്ങളിലെ പ്രമുഖരെ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്. അതേസമയം, പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് ചിത്രം വ്യക്തമായി. യു.ഡി.എഫിലെ എം.പി. അബ്ദുസമദ് സമദാനിയും, എൽ.ഡി.എഫിലെ കെ.എസ്. ഹംസയുമാണ് ചിത്രത്തിലുള്ളത്.
തൃത്താലയിൽ മുസ്ലിം ലീഗ് സ്ഥാനാർഥി മണ്ഡലത്തിലെത്തി പ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിരക്കിൽനിന്ന് തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് ഇറങ്ങിയിട്ടില്ല. എന്നാൽ, അണികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പലയിടത്തും സ്ഥാനാർഥിയുടെ പേര് ഒഴിച്ചിട്ട് ചുമരഴുത്ത് ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് ചർച്ചകളും പോരാട്ടങ്ങളും സജീവമായി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളുടെ പ്രവർത്തനങ്ങളും സജീവമായി.
മാർച്ച് ഏഴിന് പാലക്കാട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും, മാർച്ച് പത്തിന് ആലത്തൂർ മണ്ഡലത്തിലെ കൺവെൻഷൻ വടക്കഞ്ചേരിയിലും നടക്കും. പാലക്കാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, ആലത്തൂരിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഉദ്ഘാടനം ചെയ്യും.
മാർച്ച് രണ്ട് മുതൽ ഒമ്പത് വരെ പാലക്കാട് പാർലമെന്റ് മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും. വരുംദിവസങ്ങളിൽ നിയമസഭ അടിസ്ഥാനത്തിലും, ബൂത്തുതല ഓഫിസുകളുടെ പ്രവർത്തനങ്ങളും സി.പി.എം സജീവമാക്കും. പാലക്കാട്ടും ആലത്തൂരൂം സിറ്റിങ് എം.പിമാർ വീണ്ടും ജനവിധി തേടട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ തിരിച്ചടി ഉണ്ടാവുമെന്ന സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകൾ ഉണ്ടാവുമോ എന്നു മാത്രമേ നോക്കികാണേണ്ടതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.