ഭാഗ്യപരീക്ഷണത്തിലൂടെ അധികാരം ലഭിച്ച ഇടതുപക്ഷ ഭരണസമിതിയായിരുന്നു കപ്പൂരില്‍. വൈസ് പ്രസിഡന്റ് അവസരം തുണച്ചത് യു.ഡി.എഫിനും. 18 വാര്‍ഡുകളില്‍ കപ്പൂര്‍ ആര് ഭരിക്കണമെന്ന ജനവിധി ഇരുകൂട്ടരെയും തുല്യതയിലെത്തിച്ചു. ഒടുവില്‍ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിലെ പുതുമുഖം ഷറഫുദ്ദീന് പ്രസിഡന്‍റ് കസേരയും മുന്‍ പഞ്ചായത്ത് അംഗമായിരുന്ന യു.ഡി.എഫിലെ ആമിനക്കുട്ടിയെ വൈസ് പ്രസിഡന്‍റാക്കിയും അഞ്ചുവര്‍ഷം തികക്കുകയായിരുന്നു.
2000-2015 വരെ ലീഗിലെ സി.എം. അലി പ്രസിഡന്‍റായുള്ള യു.ഡി.എഫ് ഭരണം. 2015-2020 വരെ എല്‍.ഡി.എഫിന്‍റെ സിന്ധുമാവറ പ്രസിഡന്‍റായുള്ള ഭരണസമിതിയില്‍ നിന്നുമാണ് 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തുല്യത കൈവരിച്ചത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തിലെ ഒരുമ പിന്നീട് നഷ്ടപ്പെട്ടെന്ന പരാതി യു.ഡി.എഫ് ഉന്നയിച്ചിരുന്നു. തൃത്താല മേഖലയിലെ സി.പി.എം പാര്‍ട്ടിക്കകത്തെ ചില അസ്വാരസ്യങ്ങള്‍ പഞ്ചായത്തില്‍ പ്രതിഫലിച്ചു. പരമാധികാര ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലൂടെ പ്രസിഡന്‍റിനെതിരെപോലും ഗ്രൂപ്പിസം പ്രകടമായി.
മന്ത്രി മണ്ഡലമായിട്ടുകൂടി പഞ്ചായത്തിലെ ഉദ്ഘാടനങ്ങളില്‍ പോലും മന്ത്രി തഴയപ്പെട്ടത് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രധാന സെന്‍ററായ കുമരനെല്ലൂരില്‍ യാതൊരുവിധ വികസന പ്രവർത്തനവും ഉണ്ടായില്ലന്നത് പരക്കെ ആക്ഷേപമുണ്ട്. റോഡുകളുടെ അവസ്ഥകളിലും വേണ്ടത്ര പുരോഗതി കൈവരിച്ചില്ല. മാലിന്യം മുക്തമെന്ന് പ്രഖ്യാപിച്ചിട്ടും വട്ടകുന്ന് നറഗിലെ മാലിന്യശേഖരം വലിയൊരു ദുരിതമായി തുടരുന്നു. ഹോമിയോ ഡിസ്പന്‍സറി ജോലിനിയമനത്തിന്‍റെ പേരില്‍ 11ാം വാര്‍ഡ് അംഗത്തിന്‍റെ ശിപാര്‍ശ തള്ളിയ ഭരണ സമിതിക്കെതിരെ രാജി സന്നദ്ധത പ്രകടിപ്പിച്ചതോടെ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണേണ്ടിവന്നു. 2015-2020 ഭരണസമിതിയിലെ ഒരംഗത്തിനെതിരെ വ്യാജരേഖകള്‍ ചമച്ച പ്രശ്നം ഈ കാലഘട്ടത്തില്‍ യു.ഡി.എഫ് വിവാദമാക്കിയിരുന്നു.
30ഓളം പേരുടെ ഓണര്‍ഷിപ് അപേക്ഷകളില്‍ അസി. സെക്രട്ടറിയുടെയും മറ്റും ഔദ്യോദിക രേഖകളും വ്യാജമായി നിര്‍മിച്ച് വാട്ടര്‍ ആനുകൂല്യങ്ങള്‍ക്ക് നല്‍കിയ സംഭവം യു.ഡി.എഫ് കണ്ടെത്തി. ഭരണസമിതി അംഗത്തിനെതിരെ കേസും നടപടികളിലേക്കും വരെ നീണ്ടെങ്കിലും അത് പിന്നീട് നിലച്ചു. സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട പഞ്ചായത്താണ് കപ്പൂര്‍. തരംതാഴ്ത്തപെട്ട നേതാക്കള്‍ ഇത്തവണ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി മത്സര രംഗത്തുണ്ടന്നത് മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
എല്‍.ഡി.എഫില്‍ പഴയകാല അംഗങ്ങള്‍ നാല് പേരൊഴിച്ചാല്‍ ബാക്കി 16 പേരും പുതുമുഖങ്ങളാണ്. യു.ഡി.എഫിലാകട്ടെ അഞ്ച് പഴയകാല അംഗങ്ങളും 15 പേർ പുതുമുഖങ്ങളുമാണ്. വനിത സംവരണമായതിനാല്‍ യു.ഡി.എഫ് ഉയര്‍ത്തികാട്ടുന്നത് വാര്‍ഡ് 10ല്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ പ്രബല സ്ഥാനാർഥി വി.പി. ഫാത്തിമയെയാണ്. അതിനായി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തിന് നിയോഗിച്ച വാര്‍ഡ് ഇവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
എല്‍.ഡി.എഫില്‍ മൂന്നാം തവണയാണ് സല്‍മയുടെ രംഗപ്രവേശം. അതിനാല്‍ വിജയിക്കുന്ന പക്ഷം സല്‍മക്ക് നറുക്ക് വീഴാനും സാധ്യതയുണ്ട്. സി.പി.ഐ ഇവിടെ കള്ളികുന്ന് 17ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. നിലവില്‍ എല്‍.ഡി.എഫ് ഒമ്പത്, കോണ്‍ഗ്രസ് അഞ്ചും ലീഗ് നാലുമാണ്. പുതിയ രണ്ട് വാര്‍ഡ് കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.