പാലക്കാട്: ബസ് യാത്രകളിൽ ജനലോരത്തെ സീറ്റും കേൾക്കാൻ ഇമ്പമുള്ള പാട്ടും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. മലയാളം, ഹിന്ദി, തമിഴ് പാട്ടുകളുടെ വലിയൊരു ശേഖരം തന്നെ മിക്ക സ്വകാര്യ ബസുകളിലുമുണ്ട്.
എന്നാൽ യാത്രക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ പാട്ട് കേൾക്കാൻ സംവിധാനമില്ലാത്തത് നിരാശക്കിടയാക്കാറുണ്ട്. ഈ നിരാശയെ കാറ്റിൽ പറത്തുകയാണ് പാലക്കാട് ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് സർവിസ് നടത്തുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ. രാവിലെ അഞ്ചിന് കാരപ്പാറയിലേക്കും ഏഴിന് പോത്തുപാറയിലേക്കും സർവിസ് നടത്തുന്ന ബസുകളിലാണ് പാട്ട് കേൾക്കാൻ സൗണ്ട് സ്പീക്കർ ബോക്സ് സ്ഥാപിച്ചത്.
യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടൗൺ ടു ടൗൺ ഓർഡിനറി ബസുകളിലാണ് പാട്ടുപെട്ടിയുള്ളത്. പാലക്കാട്ടുനിന്ന് നെല്ലിയാമ്പതിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഗ്രാമകാഴ്ചകൾക്കൊപ്പം പാട്ടും ആസ്വദിക്കാം. ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യപ്രകാരം രണ്ടുവർഷം മുമ്പാണ് ബസുകളിൽ സ്പീക്കർ സ്ഥാപിച്ചത്.
ജീവനക്കാരിൽനിന്ന് കാശ് എടുത്താണ് ഇവ സജ്ജീകരിച്ചത്. യാത്രക്കാർ ആവശ്യപ്പെടുന്ന പാട്ടുകൾ വെക്കാറുണ്ടെന്ന് കണ്ടക്ടർ സി. ഇന്ദുലാൽ പറയുന്നു. പഴയ പാട്ടുകൾക്കൊപ്പം പുതിയതും വെക്കാറുണ്ട്. വിദ്യാർഥികൾ, ഫാം, സർക്കാർ ഓഫിസുകളിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് ഈ ബസുകളിലെ സ്ഥിരം യാത്രക്കാർ.
രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് പുതുനഗരം, കൊല്ലങ്കോട്, നെന്മാറ വഴിയാണ് കാരപ്പാറയിലേക്ക് പോകുന്നത്. രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് തേങ്കുറുശ്ശി, കുനിശ്ശേരി, നെന്മാറ വഴിയാണ് പോത്തുപാറയിലേക്ക് പോകുന്നത്.
രണ്ട് ബസുകൾക്കും കൂടി ആകെ എട്ട് ജീവനക്കാരാണുള്ളത്. സി. ഇന്ദുലാൽ, ഇ. പ്രശാന്ത് എന്നിവർ രാവിലെ അഞ്ചിന് പുറപ്പെടുന്ന വണ്ടിയിലെ കണ്ടക്ടർമാരും എൻ. രമേഷ്, കെ. ശ്രീധരൻ എന്നിവർ ഡ്രൈവർമാരുമാണ്.
ഏഴ് മണിക്കുള്ള വണ്ടിയിൽ ബി. സുധീഷ്, സി. ശെൽവി (കണ്ടക്ടർമാർ), പി. ഗിരീഷ്, എസ്. സരേഷ് (ഡ്രൈവർമാർ) എന്നിവരാണ് ജീവനക്കാർ. നല്ല കലക്ഷനുള്ള റൂട്ടാണിതെന്ന് കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ പി.എസ്. മഹേഷ് പറഞ്ഞു.
നേരത്തെ ചില ഫാസ്റ്റുകളിലും ലോഫ്ലോർ ബസുകളിലും സ്പീക്കറുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉപയോഗമില്ലാതായി. നിലവിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ ടി.വി സൗകര്യം ഉൾപ്പെടെയുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള ബജറ്റ് ടൂറിസം യാത്രകളിൽ പാട്ടുവെക്കാനായി നാല് ബോക്സുകൾ ഉണ്ടെന്നും പി.എസ്. മഹേഷ് പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണ് പാലക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.