കുഷ്ഠരോഗം സമൂഹത്തിൽനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം കാമ്പയിന്റെ ഏഴാം ഘട്ടം ബുധനാഴ്ച തുടങ്ങും. ജനുവരി 20 വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന രോഗനിർണയ പ്രവർത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. പരിശീലനം ലഭിച്ച ഒരു ആശാപ്രവർത്തകയും ഒരു പുരുഷ വളന്‍റിയറും അടങ്ങുന്ന സംഘമാണ് വീടുകളിൽ പരിശോധനക്കായി എത്തുന്നത്.
വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗബാധിതർ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൈക്കോബാക്ടീരിയം എന്ന അണുക്കൾ മറ്റുള്ളവരിലേക്ക് എത്തിയേക്കാം. എന്നാൽ, ചികിത്സ ആരംഭിച്ച രോഗിയിൽനിന്ന് രോഗം പകരില്ല. ശരീരത്തിൽ അണുക്കൾ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പുറത്തുവരാൻ മൂന്ന് മുതൽ പത്ത് വർഷം വരെ സമയമെടുത്തേക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ആരംഭിച്ചാൽ കുഷ്ഠരോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങൾ പൂർണമായും തടയാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും.
ജില്ലയിൽ 111 പേർ ചികിത്സയിൽ
പാലക്കാട്: കുഷ്ഠരോഗം ബാധിച്ച് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത് 111 പേർ. ഇതിൽ 21 പേർ ഗ്രേഡ് 2 വൈകല്യമുള്ളവരാണ്. നാല് കുട്ടികളും ചികിത്സയിലുണ്ട്. കേരളത്തിൽ നിലവിൽ പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളിൽ രോഗം കണ്ടെത്തുന്നത് മുതിർന്നവരിൽ രോഗം മറഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായതിനാൽ ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് അശ്വമേധം എന്ന പേരിൽ പരിശോധന കാമ്പയിനും നടത്തുന്നുണ്ട്.
സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.