കൃ​ഷ്ണ​ൻ മാ​ഷ് കാ​ള​ക്കോ​ല മി​നു​ക്കു​പ​ണി​യി​ൽ

കാളക്കോലനിർമാണ കുലപതി കൃഷ്ണൻ മാഷ് ഇനി ഓർമ

പട്ടാമ്പി: വിസ്മയിപ്പിക്കുന്ന ശിൽപ ചാരുതയോടെ കാളക്കോലങ്ങൾ നിർമിച്ചിരുന്ന കൃഷ്ണൻ മാഷ് ഇനി ഓർമ. മുളയങ്കാവ് കാളകൾക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുക്കുന്നതിൽ കൃഷ്ണൻ മാസ്റ്ററുടെ ശിൽപ കലാവൈഭവം വഹിച്ച പങ്ക് നിസ്തുലമാണ്.വള്ളുവനാടൻ ഉത്സവങ്ങൾക്ക് കാഴ്ചച്ചന്തം പകരുന്ന മുളയങ്കാവ് കാളകൾ അണിയിച്ചൊരുക്കിയിരുന്നത് ചിത്രകലാധ്യാപകർ കൂടിയായ കൃഷ്ണൻ മാഷും സഹോദരൻ നാകൻ മാഷുമാണ്.

കൃഷ്ണൻ മാഷുടെ വേർപാടോടെ ചിറകറ്റ നിലയിലാണ് മുളയങ്കാവ് സഹോദരങ്ങളിലെ നാകൻ. വള്ളുവനാട്ടിലെ ഇണക്കാള കോല നിർമാണ ശിൽപിയും ചിത്രകാരനും നാടക നടനും സംവിധായകനും മെയ്ക്കപ്പ് കലാകാരനുമായിരുന്ന ടി.പി. കൃഷ്ണൻ മാസ്റ്ററുടെ വിയോഗം വള്ളുവനാടിന്റെ കലാ രംഗത്തിന് തീരാനഷ്ടമാണ്.

കാളക്കോല നിർമാണകലയിലെ സമഗ്ര സംഭാവനക്ക് ഇദ്ദേഹത്തിന് 2006ൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.മുളയൻകാവ് ഭഗവതി ക്ഷേത്ര പുരസ്കാരം, ഇ.എം.എസ് സാംസ്കാരിക വേദി പുരസ്കാരം എന്നിവക്ക് പുറമെ നാടകരംഗത്തെ പ്രവർത്തന മികവിനും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

നാ​ക​ൻ മാ​ഷും കൃ​ഷ്ണ​ൻ മാ​ഷും

നടുവട്ടം ജനത ഹൈസ്കൂളിൽ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കൃഷ്ണൻ മാഷ് കോഴിക്കോട് പ്ലാനിങ്ങ് ബോർഡിൽ ആർട്ടിസ്റ്റ് ആയാണ് വിരമിച്ചത്. പിന്നീടാണ് കാളക്കോല നിർമാണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വീട് ഇണക്കാള നിർമാണത്തിന്റെ ഈറ്റില്ലമായിരുന്നു.

പ്ലാവിലും പാലമരത്തിലും കാളത്തല നിർമിച്ചിരുന്ന സാമ്പ്രദായിക രീതി വിട്ട് മുരിക്കിൽ കൊത്തിയെടുത്ത് സിന്തെറ്റിക് പെയിന്റടിച്ച് കമനീയമാക്കുന്ന വലിയ മാറ്റത്തിന് നന്ദി കുറിച്ച ശിൽപിയാണ് കൃഷ്ണൻ മാഷ്. ജ്യേഷ്ഠൻ നാകൻ മാഷും കൂട്ടിനെത്തിയതോടെ താഴെപുരക്കൽ വീട് കാളത്തറവാടായി. കലാപ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോയിരുന്ന കൃഷ്ണൻ മാഷ് നാട്ടുകാർക്ക് ഏറെ സ്വീകാര്യനുമായിരുന്നു.അദ്ദേഹത്തിന്റെ ദീപ്തമായ ഓർമക്ക് മുന്നിൽ കൈകൂപ്പുകയാണ് മുളയങ്കാവ് ഗ്രാമം.

Tags:    
News Summary - Krishnan Mash left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.