കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്‍റേഷൻ; ധാരണപത്രം പാഴായി

പാലക്കാട്‌: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട്‌ ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡ്‌ കേരള സർക്കാറിന് കൈമാറാനുള്ള ധാരണാപത്രം ഒപ്പിട്ടിട്ടും നടപടികളിലേക്ക് കടക്കാതെ കേന്ദ്രസർക്കാർ. 2018 നവംബർ 16നാണ്‌ ഇൻസ്‌ട്രുമെന്‍റേഷൻ സംസ്ഥാന സർക്കാറിന് കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത്. മൂന്നുവർഷത്തിലധികം നീണ്ട നടപടി പൂർത്തിയാക്കി 63 കോടി രൂപ നൽകി ഏറ്റെടുക്കാനായിരുന്നു ധാരണ. എന്നാൽ, പിന്നീട് കൈമാറ്റത്തിന് കേന്ദ്രസർക്കാർ പുതിയ നിബന്ധന വെച്ചു.

കമ്പനി സ്ഥാപിക്കുമ്പോൾ കേരള സർക്കാർ സൗജന്യമായി നൽകിയ ഭൂമിക്ക്‌ വില കണക്കാക്കണമെന്നായി ആവശ്യം. ഇതോടെ കൈമാറ്റ നടപടി മരവിച്ചു. ധാരണ പത്രം ഒപ്പുവെച്ച് മൂന്നര വർഷം പിന്നിട്ടും അനിശ്ചിതത്വം തുടരുകയാണ്. ഇൻസ്‌ട്രുമെന്‍റേഷന്‍റെ മാതൃസ്ഥാപനമായ രാജസ്ഥാനിലെ കോട്ട യൂനിറ്റ് 2017 ഏപ്രിൽ 18ന്‌ നഷ്ടത്തിന്റെ പേരിൽ അടച്ചുപൂട്ടി. ലാഭത്തിലുള്ള കഞ്ചിക്കോട്‌ യൂനിറ്റും പൂട്ടാൻ കേന്ദ്രം തീരുമാനിച്ചതോടെയാണ് വിലകൊടുത്ത് വാങ്ങാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത്.

ഊർജമേഖലക്കുള്ള കൺട്രോൾ വാൽവ്‌ ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണിത്‌. 1964 ലാണ്‌ 564 ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്ത്‌ സൗജന്യമായി കേന്ദ്രത്തിന് നൽകിയത്. നിലവിൽ 122 ഏക്കർ സ്ഥലമാണ് ഇൻസ്ട്രുമെന്‍റേഷനുള്ളത്.

ബാക്കി ഭൂമി, കേന്ദ്രീയ വിദ്യാലയം, എഫ്‌.സി.ആർ.ഐ, കോച്ച്‌ ഫാക്ടറി എന്നിവക്കും പഞ്ചായത്ത് കല്യാണ മണ്ഡപത്തിനും നൽകി. രാജസ്ഥാനിലെ കോട്ട യൂനിറ്റിന്‍റെ നഷ്ടത്തിന്‍റെ പേരിൽ ലാഭത്തിലുള്ള കഞ്ചിക്കോട്ടെ യൂനിറ്റിലെ ജീവനക്കാരുടെ ആനുകൂല്യം തടഞ്ഞുവെച്ചിരിക്കുകയാണ്. 80 സ്ഥിരം തൊഴിലാളികളും 164 കരാർ തൊഴിലാളികളുമാണുള്ളത്‌. 20 വർഷത്തിലേറെയായി ജോലി ചെയ്യുന്ന കരാർതൊഴിലാളികളെ സ്ഥിരപ്പെടുത്തിയിട്ടില്ല. 

Tags:    
News Summary - Kanchikot Instrumentation; The MoU is wasted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.