പാലക്കാട്: മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിവിലും നേരത്തെ ജില്ലയിൽ ചൂട് കനക്കുന്നു. ഈ വർഷം ഇതുവരെയായി ഏറ്റവും ഉയർന്ന ചൂട് വെള്ളിയാഴ്ച പാലക്കാട്ട് രേഖപ്പെടുത്തി. 38 ഡിഗ്രി സെൽഷ്യസ് ചൂട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിന്റെ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയിൽ രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂടും വെള്ളിയാഴ്ച പാലക്കാടാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ചൂട് കൂടുന്ന പ്രവണതയാണ് കാണുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് പാലക്കാട്ട് ശരാശരി 35 ഡിഗ്രക്ക് മുകളിലാണ് ചൂട്. ജനുവരിയിൽ 30 മുതൽ 35 വരെയും, ഫെബ്രുവരിയിൽ 35 മുതൽ 40 വരെയും ചൂട് മുൻവർഷങ്ങളിൽ ജില്ലയിൽ താപനില രേഖപ്പെടുത്താറുണ്ടെന്ന് വിദഗദ്ധർ പറയുന്നു.
ഫെബ്രുവരി അവസാനത്തോടെയാണ് 38ന് മുകളിൽ ചൂട് രേഖപ്പെടുത്തറുള്ളത്. എന്നാൽ ഈ പ്രാവശ്യം മാസം പകുതിയാകുമ്പോഴേക്കും ചൂട് കനത്തു. രാത്രിയിലെ കുറഞ്ഞ താപനിലയും ഉയരാൻ തുടങ്ങി. എന്നാൽ അതിരാവിലെ തണുപ്പ് 16 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. മലയോരമേഖലയായ അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിൽ ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ല കൂടിയായ പാലക്കാട്ട് മുമ്പ് സൂര്യാഘാതത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ചൂട് സ്ഥിരം 35 ഡിഗ്രിക്കു മുകളിലാകുന്നതിനാൽ ജില്ലയിൽ തൊഴിൽസമയം ക്രമീകരിച്ചു. പകൽ 11 മുതൽ മൂന്നുവരെയാണ് ചൂട് കൂടുന്നത്. നിലവിൽ സൂര്യാതപമേറ്റ കേസുകൾ രേഖപ്പെടുത്തിയിട്ടില്ല. ചൂടിനോടൊപ്പം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം കൂടുതലയതിനാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.