കൃഷിപ്പണി തുടങ്ങാനിരിക്കെ രാസവളവില കുതിച്ചുയരുന്നു

പാലക്കാട്: മഴ ലഭിച്ചതോടെ ജില്ലയിൽ ഒന്നാംവിള നെൽകൃഷിക്കും പറമ്പ് കൃഷികൾക്കും തുടക്കം കുറിച്ചതോടെ, കർഷകർക്ക് കനത്ത പ്രഹരമേകി രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. കർഷകർ പ്രധാനമായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊാട്ടാഷ് ഉൾപ്പെടെയുള്ള കോംപ്ലക്സ് വളങ്ങൾക്കാണ് വിപണിയിൽ വൻ വിലവർധന ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് രാസവള നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വരവ് കുറഞ്ഞതും സബ്‌സിഡി തുകയിൽ വലിയ കുറവ് വരുത്തിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡി തുക 2023-24ൽ 65,199 കോടി രൂപയായിരുന്നത് 2025-26ൽ 49,000 കോടി രൂപയായി കുറച്ചു. ഫാക്ടംഫോസിന്റെ വില മാർച്ചിൽ 1,475 രൂപയായിരുന്നത് ഏപ്രിൽ ആദ്യവാരം 1,525 രൂപയായും ഏപ്രിൽ അവസാനം 1,750 രൂപയായും ഉയർന്നിരുന്നു. മേയ് പകുതിയിൽ ഇത് 2,100 രൂപയിലെത്തി. പഴയ സ്റ്റോക്ക് തീരുന്നതോടെ ഇതിന്റെ വില 2,000 രൂപക്ക് മുകളിലാകുമെന്നാണ് സൂചന. 18:09:18 മിശ്രിത വളം ഒരു ചാക്കിന് 1,210 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർന്നു. ഇഫ്കോ 1,300 രൂപയിൽ നിന്ന് 1,350 രൂപയായി വർധിച്ചു. യൂറിയ നിയന്ത്രിത വിലയായ 266.50 രൂപയിൽ തുടരുന്നുവെങ്കിലും വിപണിയിൽ കനത്ത ക്ഷാമം നേരിടുന്നുണ്ട്.

രാസവള നിർമാണത്തിന് ആവശ്യമായ സൾഫ്യൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, അമോണിയ എന്നിവ പൂർണമായി ഹോർമുസ് കടലിടുക്ക് വഴി കപ്പലുകളിലാണ് ഇവിടെ എത്തിച്ചിരുന്നത്. ചൈന സൾഫ്യൂരിക് ആസിഡ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വിപണിയെ ദോഷകരമായി ബാധിച്ചു.

സ്പിക്, പാരദ്വീപ് ഫോസ്ഫേറ്റ് ലിമിറ്റഡ് തുടങ്ങിയ വളം കമ്പനികൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, സൾഫർ എന്നിവ വാങ്ങി കലർത്തിയാണ് ഡി.എ.പി, എൻ.പി.കെ തുടങ്ങിയ കൂട്ടുവളങ്ങൾ നിർമിക്കുന്നത്. കഴിഞ്ഞ വിളയുടെ നെല്ല് സംഭരിക്കാത്തതിനാലും സംഭരിച്ച നെല്ലിന്‍റെ വില ലഭിക്കാത്തതിനാലും ദുരിതത്തിലായ കർഷകരെ രാസവളം വിലവർധന ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Fertilizer prices soar as farming work begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.