പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ബി.എൽ.ഒമാരെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല ഭരണകൂടങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വർഷാവസാനത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീവ്രപരിശോധന പ്രഖ്യാപിച്ചിരിക്കെയാണ് നടപടി.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിലാണ് അവരുടെ കീഴിൽ വിഭജിക്കപ്പെട്ട മണ്ഡലങ്ങളിലെ വില്ലേജ് ഓഫിസർമാരെ വിളിച്ചുകൂട്ടേണ്ടത്. വോട്ടർപട്ടിക ഉൾപ്പെട്ട വിഷയങ്ങളിൽ സമീപകാലത്ത് ഉയർന്നുവന്ന പരാതികളെത്തുടർന്നാണ് നടപടി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടികയിലെ തീവ്ര പരിശോധനയല്ല വിഷയമെന്നും പരാതികൾ ഒഴിവാക്കി വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്നതാണ് ഇത്തരം കൂടിച്ചേരലുകളുടെ മുഖ്യ അജണ്ടയെന്നും തെരഞ്ഞെടുപ്പ് വിഭാഗം അധികൃതർ അറിയിച്ചു. ബൂത്ത് ലെവൽ ഓഫിസർമാരായി (ബി.എൽ.ഒ) അംഗൻവാടി ജീവനക്കാരെയും മറ്റും ഒഴിവാക്കി ക്ലർക്കുമാർ തുടങ്ങി മേൽ തസ്തികകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചത് വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
കൂടുതൽ ആക്ഷേപം ഉയരാൻ സാധ്യതയുള്ള വോട്ടർപട്ടിക പരിശോധന, പുതിയ വോട്ടർമാരെ ചേർക്കൽ, വോട്ടറെ തിരിച്ചറിയൽ, പുതിയ അപേക്ഷകൾ പരിശോധിക്കൽ, മരിച്ചവരെ നീക്കംചെയ്യൽ, തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം എന്നിവയാണ് ബി.എൽ.ഒമാരുടെ മുഖ്യ ഉത്തരവാദിത്തം. ഈ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ കൂടുതൽ കർശന നടപടിക്കായാണ് അംഗൻവാടി ജീവനക്കാരെയും വിരമിച്ചവരെയും ഒഴിവാക്കിയത്.
വോട്ടർപട്ടിക വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്ക് സമാധാനം പറയേണ്ടിവരുമെന്ന ഭയപ്പാടിലാണ് ചുമതല നിർദേശിക്കപ്പെട്ട ഉദ്യോഗസ്ഥർ. അതിനാൽ ആരോഗ്യകാരണവും മറ്റും പറഞ്ഞ് ചുമതലയിൽനിന്ന് തലയൂരാൻ പല ജീവനക്കാരും ശ്രമം തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.