കാടാമ്പുഴ ക്ഷേത്രവഴിയിൽ കുടുങ്ങിയ ഓട്ടോ അറ്റകുറ്റപ്പണി നടത്തി കുടുംബങ്ങളെ നാട്ടിലേക്ക് യാത്രയാക്കുന്ന മലബാർ ഓട്ടോ ബ്രദേഴ്സ് അംഗങ്ങൾ
അലനല്ലൂർ: വാട്സ് ആപ് ഗ്രൂപ്പിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, അപകട രക്ഷാപ്രവർത്തനങ്ങൾ എന്നിവ മാതൃകാപരമായി നടത്തുകയാണ് ഓട്ടോ ഡ്രൈവർമാർ. ഇതിനുവേണ്ടി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ ഡ്രൈവർമാർക്ക് വേണ്ടി രൂപവത്കരിച്ചതാണ് ‘മലബാർ ഓട്ടോ ബ്രദേഴ്സ്’വാട്സ് ആപ് കൂട്ടായ്മ.
ഈ ജില്ലകളിലെ ഏത് പ്രദേശത്തുനിന്നും പ്രതിസന്ധി ഘട്ടത്തിലോ, അപകടത്തിൽപ്പെടുകയോ, വാഹനത്തിന് കേട് പാടുകൾ സംഭവിക്കുകയോ ചെയ്താൽ ഗ്രൂപ്പിൽ അറിയിച്ചാൽ ഉടനടി സഹായം എത്തിക്കുന്നതാണ് രീതി. കൂടാതെ റോഡിലുണ്ടാകുന്ന ഏത് അപകടങ്ങൾ കണ്ടാലും എമർജൻസി ഗ്രൂപ്പിലൂടെ അറിയിച്ച് അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിലത്തിക്കാനുള്ള രക്ഷാ പ്രവർത്തനങ്ങളും നടത്തുന്നു.
കൂട്ടായ്മയുടെ പേരിൽ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി സുധാകരൻ മണ്ണാർക്കാട്(പ്രസി), മനാഫ് 55ാം മൈൽ(ജന. സെക്ര), വീരാൻകുട്ടി അലനല്ലൂർ (ട്രഷ), ബഷീർ വണ്ടൂർ, നാസർ മുതുകുർശ്ശി (വൈസ് പ്രസിഡൻറുമാർ), സമദ് കാര്യവട്ടം, മിൻഷാദ് പാണ്ടിക്കാട് (ജോ. സെക്രട്ടറിമാർ), കമ്മിറ്റി അംഗങ്ങളായി ബിനീഷ് കരുവാരകുണ്ട്, സമീർ തേലക്കാട്, റഷീദ് പൂക്കോട്ടുംപ്പാടം, ഫസൽ എടത്തനാട്ടുകര, ഷഫീഖ് വണ്ടൂർ, ദിലീപ് ചെർപ്പുളശ്ശേരി, വാസുദേവൻ മുണ്ടേരി, ശിഹാബ് മേലാറ്റൂർ എന്നിവരെ തെരഞ്ഞെടുത്തു.
ഗ്രൂപ്പ് നിലവിൽ വന്നിട്ട് എട്ട് വർഷമായെങ്കിലും അവസാനം ഉണ്ടായ ഒരു സംഭവം ഭാരവാഹികൾ ഓർക്കുന്നു. ഓട്ടോ തകരാറിലായതിനാൽ ഞായറാഴ്ച രാവിലെ മലപ്പുറത്തുനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്ക് വന്ന കുടുംബം വഴിയിൽ കുടങ്ങി.
വാട്സ് ആപ് ഗ്രൂപ്പിൽ വിവരം അറിയിച്ചതോടെ ഡ്രൈവർമാരായ മുസ്തഫ, ഷംസുദ്ദീൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പ് ജീവനകാരനുമായി എത്തി. ഓട്ടോ ശരിയാക്കി കുടങ്ങികിടന്നവരെ നാട്ടിലേക്ക് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.